തോമസ് ഐസക് ഇന്നും ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; മസാലബോണ്ട് കേസിൽ തുടർനീക്കം കോടതി ഉത്തരവിന് ശേഷം

news image
Apr 2, 2024, 4:18 am GMT+0000 payyolionline.in

കൊച്ചി: മസാലബോണ്ട് കേസിൽ തോമസ് ഐസക് ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ല. സമൻസ് ചോദ്യംചെയ്ത് ഐസക് നൽകിയ ഹർജിയിൽ വെള്ളിയാഴ്ച ഹൈക്കോടതി വാദം കേൾക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹർജിയിൽ കോടതി ഉത്തരവ് അറിഞ്ഞ ശേഷമായിരിക്കും ഹാജരാകുന്നതിൽ തുടർ നടപടി. വെള്ളിയാഴ്ച വരെ കടുത്ത നടപടികൾ പാടില്ലെന്ന് കോടതി ഇഡിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മസാലബോണ്ട് ഇറക്കിയതിൽ ഫെമ ലംഘനം ഉണ്ടോ എന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് മുൻ ധനമന്ത്രിയ്ക്ക് ഇഡി ഏഴാം  തവണയും സമൻസ് നൽകിയത്. എന്നാൽ ഇതുവരെ ചോദ്യംചെയ്യലിന് ഹാജരാകാൻ ഐസക് തയ്യാറായിട്ടില്ല.

 

വിദേശ നിക്ഷേപകരിൽ നിന്ന് പ്രാദേശിക കറൻസിയിൽ നിക്ഷേപം സ്വരൂപിക്കുന്നതിനുള്ള കടപ്പത്രങ്ങളാണ് മസാല ബോണ്ട് എന്നറിയപ്പെടുന്നത്. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് വഴിയാണ് വിദേശ നിക്ഷേപകരിൽ നിന്നും കിഫ്ബി മസാല ബോണ്ട് വഴി ധനസമാഹരണം നടത്തിയത്. ഇതിൽ ക്രമക്കേട് ആരോപിച്ചാണ് തോമസ് ഐസകിനെതിരെ ഇഡിയുടെ അന്വേഷണം നടക്കുന്നത്. തോമസ് ഐസകിന്‍റെ മൊഴിയെടുക്കൽ അനിവാര്യമാണെന്നാണ് എൻഫോഴ്സമെന്റ് ഡയറക്ട്രേറ്റിന്റെ നിലപാട്.

 

അതിനിടെ മസാല ബോണ്ട് വഴി സമാഹരിച്ച മുഴുവൻ തുകയും കിഫ്ബി തിരിച്ചടച്ചിട്ടുണ്ട്. 2150 കോടി രൂപയാണ് തിരിച്ചടച്ചത്. മസാല ബോണ്ടിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് തിരിച്ചടച്ചതെന്നാണ് ഔദ്യോഗിക വിവരം. മസാല ബോണ്ട് ഇറക്കിയ ആദ്യ സംസ്ഥാന ഏജൻസിയായിരുന്നു കിഫ്ബി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe