ബെംഗളൂരു : നഗരത്തിലൂടെയുള്ള ദേശീയപാതകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നഗരാതിർത്തികളിൽ തുരങ്കപ്പാത നിർമിക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അനുമതി തേടി.ഡൽഹിയിൽ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ കൂടിക്കാഴ്ചയിലാണ് ‘പെരിഫെറൽ തുരങ്ക റോഡ്’ പദ്ധതി ചർച്ചയായത്. ബെംഗളൂരു– മംഗളൂരു ദേശീയപാതയിൽ (എൻഎച്ച്–75) ഷിറാഡി ചുരം പാതയിൽ തുരങ്ക നിർമാണം, ബെംഗളൂരു ഹെബ്ബാൾ ജംക്ഷനിലെ മേൽപാലം എന്നിവയെക്കുറിച്ചും ചർച്ച നടത്തി.
തിരക്ക് കുറയ്ക്കാൻ അതിർത്തിയിൽ വഴിമാറ്റം
ബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേ (എൻഎച്ച്–275), ഹൊസൂർ റോഡ് (എൻഎച്ച്–75), തുമക്കൂരു റോഡ് (എൻഎച്ച്–48), ബെള്ളാരി റോഡ് (എൻഎച്ച്–44), ഓൾഡ് മദ്രാസ് റോഡ് (എൻഎച്ച്–4) എന്നിവയെ ബന്ധിപ്പിച്ചാണു നഗരാതിർത്തികളിൽ തുരങ്കപ്പാത നിർമിക്കുക. 40,000 കോടി രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിൽ വിവിധ ദേശീയപാതകളിൽ നിന്ന് എത്തുന്ന വാഹനങ്ങൾ നഗരാതിർത്തികളിൽ മണിക്കൂറുകളോളം കുരുക്കിൽപെടുന്നുണ്ട്.
ബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേ ആരംഭിക്കുന്ന മൈസൂരു റിങ് റോഡ് ജംക്ഷനിലും ബെംഗളൂരു കുമ്പൽഗോഡിലും കിലോമീറ്ററുകളോളം വാഹന നിര കാണാം. ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി ദേശീയപാതയിലും സമാന അവസ്ഥയാണ്.നിലവിൽ, പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നഗരത്തിനുള്ളിൽ 40 കിലോമീറ്റർ തുരങ്കപ്പാത നിർമിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നുണ്ട്. ഹെബ്ബാൾ– സിൽക്ക്ബോർഡ്, കെആർ പുരം– മൈസൂരു റോഡ് എന്നിവയെ ബന്ധിപ്പിച്ചാണ് തുരങ്കപ്പാത നിർമിക്കുന്നത്. കൂടാതെ ഹൊസൂർ റോഡ്, തുമക്കൂരു റോഡ് എന്നിവയെ ബന്ധിപ്പിച്ചുള്ള 74 കിലോമീറ്റർ പെരിഫെറൽ റിങ് റോഡ് പദ്ധതിയും നിലവിലുണ്ട്. എന്നാൽ, തർക്കങ്ങൾ കാരണം സ്ഥലമേറ്റെടുപ്പ് പൂർത്തിയായിട്ടില്ല.