കണ്ണൂര്‍: പൂര്‍ത്തീകരണ കാലാവധി കഴിഞ്ഞ ദേശീയപാത-66 റീച്ചുകള്‍ പ്രവൃത്തി നടത്തുന്നത് പിഴ വഴിയില്‍. കരാറെടുത്ത കമ്പനിയുടെ പെര്‍ഫോമന്‍സ് ഗ്യാരണ്ടിയില്‍ (ബോണ്ട്) നിന്നാണ് ദേശീയപാതാ അതോറിറ്റി പിഴ ഈടാക്കുന്നത്. ദിവസം ചുരുങ്ങിയത് 60,000 രൂപ പിഴ വരുന്നുണ്ട്. ഭൂരിഭാഗം റീച്ചുകളിലും 2021 നവംബറിനുള്ളിലാണ് പണി തുടങ്ങിയത്.
പൂര്‍ത്തീകരണ കാലാവധി 2024 ഏപ്രില്‍-േമയ് മാസം തീര്‍ന്നു. പദ്ധതിച്ചെലവ് 2000 കോടി രൂപയുള്ള റീച്ചുകളില്‍ ഏകദേശം 60 കോടി രൂപ പെര്‍ഫോമന്‍സ് ഗ്യാരണ്ടിയായി നല്‍കണം. ആ തുകയില്‍നിന്നാണ് ദിവസം 0.01 ശതമാനം പിഴ ഈടാക്കുന്നത്.
നിയമന തീയതിമുതല്‍ 910 ദിവസം വരെയാണ് പ്രവൃത്തിയുടെ പൂര്‍ത്തീകരണ കാലാവധി. അതിനുശേഷം ദേശീയപാതാ അതോറിറ്റി മൂന്നുമാസംകൂടി നീട്ടിനല്‍കി. 90 ദിവസത്തിനുള്ളില്‍ പണി തീര്‍ന്നില്ലെങ്കില്‍ അന്നുമുതല്‍ പിഴ ഈടാക്കുമെന്നതാണ് ചട്ടം.
കാലാവസ്ഥാപ്രശ്നവും ക്രഷര്സമരവും കാരണം പല റീച്ചുകളിലും കാലാവധി നീട്ടിനല്‍കിയിരുന്നു. മേഘ എന്‍ജിനിയറിങ് കമ്പനി ഉള്‍പ്പെടെ പ്രവൃത്തി ഏറ്റെടുത്ത റീച്ചുകള്‍ കാലാവധി നീട്ടിനല്കാന് ദേശീയപാത അതോറിറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
ദേശീയപാതയില്‍ തലപ്പാടി-ചെങ്കള (39 കിലോമീറ്റര്‍) റീച്ചിലെ പദ്ധതിച്ചെലവ് 2430.13 കോടി രൂപയാണ്. മേഘ എന്‍ജിനിയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന്റെ കീഴിലുള്ള രണ്ടു റീച്ചുകളില്‍ 4628.88 കോടി രൂപയാണ് ചെലവ്.
ബാക്കിയുള്ളത് 200 കിലോമീറ്റര്‍
കേരളത്തിലെ ദേശീയപാത 66-ല്‍ കാസര്‍കോട് തലപ്പാടി -തിരുവനന്തപുരം മുക്കോലവരെ 22 റീച്ചുകളിലായി 644 കിലോമീറ്റര്‍ ഉണ്ട്. ഇതില്‍ അഞ്ച് റീച്ചുകള്‍ പൂര്‍ത്തിയായി. ഇനി 17 റീച്ചുകളില്‍ 563 കിലോമീറ്ററാണ് ബാക്കി. സര്‍ക്കാര്‍ കണക്ക് പ്രകാരം 363 കിലോമീറ്റര്‍ പൂര്‍ത്തിയായിട്ടുണ്ട്; 64.48 ശതമാനം. ഇനി 200 കിലോമീറ്റര്‍ ചെയ്യാനുണ്ട്. 480 കിലോമീറ്റര്‍ ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.