ദുബായ് ∙ കഴിഞ്ഞ രണ്ട് മാസത്തിനിടെ ദുബായിലെ കൂടുതൽ പ്രദേശങ്ങളിൽ വാടക കുറയുന്നതായി റിപ്പോർട്ട്. നഗരത്തിലെ താരതമ്യേന കുറഞ്ഞ നിരക്കിൽ താമസസൗകര്യമുള്ളയിടങ്ങളിലെല്ലാം ഇത് പ്രകടമാണ്. മറിച്ചുവിൽപന, വാടകയ്ക്ക് നൽകൽ, വിഭജിച്ച് നൽകൽ എന്നിവയ്ക്കെതിരെ അധികൃതരും കെട്ടിട ഉടമകളും കർശന നടപടികൾ സ്വീകരിച്ചതോടെയാണ് സ്റ്റുഡിയോ, ഒരു കിടപ്പുമുറിയുള്ള അപ്പാർട്ട്മെന്റുകളുടെ വാടകയും കുറഞ്ഞത്. അധികൃതരുടെ നടപടി ശക്തമായതോടെ ബാച്ചിലേഴ്സ് പലരും ഷാർജയിലേക്കും അജ്മാനിലേക്കും മാറിയതും വാടക കുറയാൻ ഇടയാക്കി.
∙ ഇന്റർനാഷനൽ സിറ്റി
മറിച്ചുവിൽപന, വാടകയ്ക്ക് നൽകുന്നതിന് പേരുകേട്ട ഇന്റർനാഷനൽ സിറ്റിയിൽ കഴിഞ്ഞ രണ്ട് മാസമായി വാടകയിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. അവിടെ ഒരു ബെഡ്റൂം അപ്പാർട്ട്മെന്റിന് ഏകദേശം 48,000-55,000 ദിർഹമാണ് ശരാശരി വാടക. സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾക്ക് 28,000-29,000 ദിർഹം വരെയാണെങ്കിലും ഇതിലും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഓപ്ഷനുകളുണ്ടെന്ന് റിയൽ എസ്റ്റേറ്റ് ഏജന്റുമാർ പറയുന്നു.
∙ ഡിസ്കവറി ഗാർഡൻസ്
ഡിസ്കവറി ഗാർഡൻസിൽ സ്റ്റുഡിയോകൾക്ക് 48,000-60,000 ദിർഹവും ഒരു ബെഡ്റൂം അപ്പാർട്ട്മെന്റിന് 50,000-105,000 ദിർഹവുമാണ് വാടക. ദുബായിലെ ജനപ്രിയ താമസകേന്ദ്രങ്ങളിലൊന്നായ ഇവിടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ വാടകയിൽ ഒരു ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
∙ വാടക കുറയാനുള്ള കാരണങ്ങൾ
മറിച്ചുവിൽപന, വാടകയ്ക്ക് നൽകുന്നതിനെതിരായ നടപടികൾ റിയൽ എസ്റ്റേറ്റ് ഡാറ്റയിൽ ഇതുവരെ കാര്യമായി പ്രതിഫലിച്ചിട്ടില്ലെന്ന് പ്രോപ്പർട്ടീസ് മാനേജ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. സ്റ്റുഡിയോ, ഒരു ബെഡ്റൂം അപ്പാർട്ട്മെന്റുകൾക്ക് ആവശ്യക്കാർ കൂടിയാലും ദുബായ് റെന്റൽ ഇൻഡക്സിലെ റേറ്റിങ് അനുസരിച്ചാണ് വാടക നിശ്ചയിക്കുന്നത്.
കൂടാതെ, കഴിഞ്ഞ രണ്ട് മാസമായി പാം ജുമൈറയിലെ വില്ലകൾ ഒഴികെയുള്ള മിക്ക സ്ഥലങ്ങളിലും വാടക കുറയുകയാണെന്നും പറയുന്നു. മറിച്ചുവിൽപന, വാടകയ്ക്ക് നൽകുന്നത് നിർത്തലാക്കിയതോടെ വാടകവീടുകൾ തേടുന്ന പലരും ഷാർജ പോലുള്ള മറ്റ് എമിറേറ്റുകളിലേക്ക് മാറുന്നതും വാടക കുറയാൻ കാരണമാകുന്നുണ്ട്. പുതിയ കരാറുകളിലെ വാടക കഴിഞ്ഞ മൂന്ന് മാസമായി സ്ഥിരമായി തുടരുകയാണെന്നും പറയുന്നു.
∙ പ്രോപ്പർട്ടി വിലകളിലെ മാറ്റം
ദുബായിൽ പ്രോപ്പർട്ടികളുടെ വിലയും വാടകയും 2024ലെയും 2025ലെ ആദ്യ പാദത്തിലെയും ഉയർന്ന നിരക്കുകളിൽ നിന്ന് കുറയുന്നതായി മാർക്കറ്റ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പുതിയ പ്രോജക്റ്റുകളുടെ വിലകൾ ഉയർന്നതാണെങ്കിലും ഡെവലപ്പർമാർ ആകർഷകമായ ഓഫറുകളും ഇളവുകളും എളുപ്പമുള്ള പേയ്മെന്റ് പ്ലാനുകളും നൽകുന്നുണ്ട്. അതേസമയം, വാടക നിരക്കുകൾ സ്ഥിരത കൈവരിക്കുന്നതിന്റെയോ കുറയുന്നതിന്റെയോ സൂചനകളാണ് കൂടുതൽ ലഭിക്കുന്നത്.
മറിച്ചുവിൽപന, വാടകയ്ക്ക് നൽകൽ നിർത്തലാക്കിയതോടെ താങ്ങാനാവുന്ന താമസസൗകര്യങ്ങൾക്കായി പുതിയ ആവശ്യക്കാർ എത്തുന്നുണ്ട്. എന്നാൽ, എല്ലാ വാടകക്കാരും ഒരേ സ്ഥലത്ത് തന്നെ പുതിയ വാടകവീടുകൾക്കായി ശ്രമിക്കാൻ സാധ്യതയില്ല. കാരണം അവിടെ ആവശ്യത്തിന് ഒഴിവുള്ള ഫ്ലാറ്റുകളില്ല. അതുകൊണ്ട് ഈ ആവശ്യം നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും അതായത് ദേര, അൽ നഹ്ദ, അൽ ഖൂസ്, ജബൽ അലി, ഷാർജ തുടങ്ങിയ സ്ഥലങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ഒരു റിയൽ എസ്റ്റേറ്റ് ഏജന്റ് വ്യക്തമാക്കി.