നടുവത്തൂർ: ഒറോക്കുന്ന് മലയിൽ ചെണ്ടുമല്ലി പൂത്തുലഞ്ഞു.
പോലീസുകാരിലെ കർഷകനായ ഒ കെ സുരേഷിന്റെ നേതൃത്വത്തിൽ ഒറോക്കുന്ന്മലയിൽ കൃഷി ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു. പ്രതികൂല കാലാവസ്ഥയോടും വന്യമൃഗങ്ങളോടും പടപൊരുതി നേടിയ ചെണ്ടുമല്ലി കൃഷിയുടെ വിജയം, മണ്ണിലെ അധ്വാനത്തിനുള്ള പ്രതിഫലമായി മാറിയിരിക്കുകയാണ്.
ഒറോക്കുന്ന് മലയിൽ കാടുമൂടിയ പ്രദേശം വെട്ടിത്തെളിച്ച് പച്ചക്കറി കൃഷിയും വാഴ കൃഷിയും ഇടവിളയും എല്ലാം കൃഷി ചെയ്ത സുരേഷിന്റെ ചെണ്ടുമല്ലി കൃഷിയും നൂറുമേനി വിളവ് നൽകി.
വിളവെടുപ്പ് ഉത്സവം ബാലുശ്ശേരി ഐപി എസ് എച്ച് ഒ പി ദിനേശ് നിർവഹിച്ചു. ശോഭ എൻ ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ കീഴരിയൂർ കൃഷി ഓഫീസർ അശ്വതി ഹർഷൻ അധ്യക്ഷം വഹിച്ചു. മേലടി എ ഡി എ ഡോണ കരുപ്പാളി മുഖ്യാതിഥിയായി പങ്കെടുത്തു. അതോടൊപ്പം സുരേഷ് ഒറോക്കുന്ന്മലയിൽ സമീപ പ്രദേശത്ത് ആരംഭിക്കുന്ന പൈനാപ്പിൾ കൃഷിയുടെ നിലമൊരുക്കൽ ചടങ്ങ് മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിതാ ബാബു ഉദ്ഘാടനം ചെയ്തു.
കൃഷി അസിസ്റ്റന്റ് ഷാജി, രവി ഇടത്തിൽ, മധുലാൽ കൊയിലാണ്ടി, ഷാജീവ് നാരായണൻ, ഫൈസൽ കേളോത്ത്, ആശ്രമം ഹയർസെക്കൻഡറിസ്കൂളിലെ ഗൈഡ്സ് ക്യാപ്റ്റൻ ശില്പ സി, ഗൈഡ്സ് അംഗങ്ങളായ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.