നന്ദിനി പാലിന്‍റെ വില വീണ്ടും ഉയരാൻ സാധ്യത; ലിറ്ററിന് അഞ്ച് രൂപ കൂട്ടണമെന്ന് ആവശ്യം, സൂചന നൽകി മന്ത്രിയും

news image
Jun 23, 2023, 6:56 am GMT+0000 payyolionline.in

ബംഗളൂരു: നന്ദിനി പാലിന്‍റെ വില ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യമുയര്‍ത്തി കര്‍ണാടക മില്‍ക്ക് ഫെഡറേഷൻ (കെഎംഎഫ്). നന്ദിനി പാലിന്‍റെ വില രണ്ട് രൂപ കൂട്ടി ഒരു വര്‍ഷം പോലും കഴിയും മുമ്പാണ് വീണ്ടും കെഎംഎഫ് നിരക്ക് വര്‍ധന ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ, പാല്‍ വില അഞ്ച് രൂപ കൂട്ടണമെന്നുള്ള കെഎംഎഫിന്‍റെ ആവശ്യം കര്‍ണാടയില്‍ ഭരണത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാര്‍ തള്ളിയിരുന്നു. തുടര്‍ന്ന് 2022 നവംബറില്‍ രണ്ട് രൂപ കൂട്ടാനുള്ള അനുമതി നല്‍കുകയായിരുന്നു.

കുത്തനെ ഉയര്‍ന്ന ചെലവ് കാരണം നട്ടംതിരിയുന്ന കർഷകരെയും പാൽ സംഭരണം ഗണ്യമായി കുറഞ്ഞതിനെത്തുടർന്ന് വർധനവ് ആവശ്യപ്പെട്ട ജില്ലാ പാൽ യൂണിയനുകളെയും ഈ വര്‍ധന തൃപ്തിപ്പെടുത്തിയിരുന്നില്ല. നിലവില്‍ ലിറ്ററിന് 39 രൂപയുള്ള നന്ദിനി പാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വില കുറഞ്ഞവയിൽ ഒന്നാണ്. വില വർധിപ്പിക്കാൻ ഫെഡറേഷനിൽ, യൂണിയനുകളുടെയും കർഷകരുടെയും സമ്മർദ്ദമുണ്ടെന്ന് ജൂൺ 21 ന് കെഎംഎഫ് ചെയർമാനായി ചുമതലയേറ്റ കോൺഗ്രസ് നേതാവും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയുമായ ഭീമാ നായിക് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ കെഎംഎഫ് ഈ ആവശ്യം ഉന്നയിക്കും. വരും ദിവസങ്ങളിൽ സ്വകാര്യ ഡയറികൾ നൽകുന്നതിനേക്കാൾ കൂടുതൽ സംഭരണച്ചെലവ് കെഎംഎഫ് നൽകും. കന്നുകാലികൾക്ക് ത്വക്ക് രോഗം ബാധിച്ചതിനെത്തുടർന്ന് പാൽ ഉത്പാദനം കുറഞ്ഞ അവസ്ഥയാണ്. എന്നാല്‍, ഉത്പാദനം മെച്ചപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സഹകരണ മന്ത്രി കെ എൻ രാജണ്ണ പാല്‍ വില വര്‍ധിച്ചേക്കുമെന്ന സൂചനകള്‍ നല്‍കി.

സംസ്ഥാന ബജറ്റ് സമ്മേളനത്തിന് ശേഷം ഈ വിഷയം ചർച്ച ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. കര്‍ണാടകയില്‍ ഏകദേശം  87 ലക്ഷം ലിറ്റര്‍ പാലാണ് കെഎംഎഫ് പ്രതിദിനം സംഭരിക്കുന്നത്. കർഷകർക്ക് ശരാശരി സംഭരണ ​​വില ലിറ്ററിന് ഏകദേശം 33 രൂപയാണ് നല്‍കുന്നത്. കർഷകരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധനാണെന്ന് മന്ത്രി പറഞ്ഞു. ഉപഭോക്താക്കൾ വെള്ളത്തിന് പണം നൽകുമ്പോൾ എന്തുകൊണ്ട് അവർക്ക് പാലിന് കൂടുതൽ പണം നൽകിക്കൂടാ? ലാഭത്തിന്റെ 90 ശതമാനം കർഷകർക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു. 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe