നവജാതശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: കോട്ടയം മെഡിക്കൽ കോളേജിനെതിരെ കേസെടുത്ത് പോലീസ്

news image
Sep 15, 2026, 11:15 am GMT+0000 payyolionline.in

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ജനിച്ച കുഞ്ഞിന്റെ ശരീരത്തിൽ ഒരു വർഷത്തിനുശേഷം സൂചി കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് ചികിത്സാപിഴവിന് ഗാന്ധിനഗർ പോലീസ് കേസെടുത്തിരിക്കുന്നത്. ബി.എൻ.എസ്. 125(എ) പ്രകാരമാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഇതുവരെ ആരുടെയും പേര് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷനും വനിതാ ശിശുവികസന വകുപ്പും പ്രത്യേക അന്വേഷണങ്ങൾ നടത്തുന്നുണ്ട്.

​ആദ്യം പോലീസിന്റെ ഭാഗത്തുനിന്ന് കേസെടുക്കുന്നതിൽ കാലതാമസം ഉണ്ടായിരുന്നുവെങ്കിലും മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി. വരും ദിവസങ്ങളിൽ മെഡിക്കൽ കോളേജിൽ നേരിട്ടെത്തി പോലീസ് തെളിവെടുപ്പ് നടത്തും. കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്റെയും ഇളയമകൾ അദ്വികയുടെ ശരീരത്തിൽ നിന്നാണ് സൂചി കണ്ടെത്തിയത്.

​2025 ജൂൺ 25-നായിരുന്നു അഞ്ജുവിന്റെ പ്രസവം. എന്നാൽ ജനിച്ച് രണ്ടാം ദിവസം പനിയും മഞ്ഞപ്പിത്ത ലക്ഷണങ്ങളേയും തുടർന്ന് കുഞ്ഞിനെ എൻ.ഐ.സി.യു.-വിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവെച്ചാണ് കുഞ്ഞിന്റെ ശരീരത്തിൽ സൂചി അകപ്പെട്ടതെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. അതേസമയം, സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയൊന്നും വന്നിട്ടില്ലെന്നായിരുന്നു മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ചെയർമാനായ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എന്നാൽ തങ്ങളുടെ ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് മാതാപിതാക്കൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe