അബുദാബി ∙ കേരളത്തിലെ ലഹരി ഉപയോഗത്തിന് എറണാകുളം സ്വദേശി (19) അബുദാബിയിൽ ജയിലിലായി. സന്ദർശക വീസയിൽ ഈ മാസം 3നാണ് ഇവിടെയെത്തിയത്. മൂന്നാം ദിവസം തലകറങ്ങി വീണ യുവാവിന്റെ മൂത്രം ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണു ലഹരി മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. യുഎഇയിൽ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് യുവാവ് വാദിച്ചെങ്കിലും കോടതി മുഖവിലയ്ക്കെടുത്തില്ല. ലഹരി മരുന്നിന്റെ സ്വഭാവമനുസരിച്ച് 3 മുതൽ 28 ദിവസം വരെ ശരീരത്തിൽ സാന്നിധ്യം അവശേഷിക്കാറുണ്ട്.
ലഹരി മരുന്ന് ഉപയോഗത്തിന് യുഎഇയിൽ പിടിയിലായാൽ 5 വർഷം വരെ തടവും പിഴയുമാണ് ശിക്ഷ. ലഹരി മരുന്ന് കച്ചവടക്കാരെ 25 വർഷത്തെ തടവുശിക്ഷയ്ക്കു ശേഷം നാടുകടത്തും.