നാദാപുരം: അതിരുവിട്ട പെരുന്നാൾ ആഘോഷം കാറിൽ പൊട്ടിത്തെറിക്കിടയാക്കിയതിനെ തുടർന്ന് യുവാവിന്റെ കൈപ്പത്തി നഷ്ടമായി. വിവിധ സ്ഥലങ്ങളിൽ നടന്ന നിയന്ത്രണം വിട്ട കരിമരുന്ന് പ്രയോഗത്തിനെതിരെ ശക്തമായ പ്രതിഷേധമുയർന്നു.
മഹല്ല് കമ്മിറ്റികളുടെയും മതനേതാക്കളുടെയും ആഹ്വാനങ്ങൾക്ക് വിരുദ്ധമായി ഒരുകൂട്ടം യുവാക്കൾ ടൗണുകളും ഉൾനാടുകളും കേന്ദ്രീകരിച്ച് അപകടാവസ്ഥ വരുത്തുന്ന തരത്തിൽ നടത്തിയ കരിമരുന്ന് പ്രയോഗത്തിനെതിരെയാണ് പ്രതിഷേധം ശക്തമായത്. സംഭവത്തിൽ കല്ലാച്ചി, വാണിമേൽ കുളപ്പറമ്പ്, ആവോലം എന്നിവിടങ്ങളിൽ പൊലീസ് എക്സ് പ്ലോസിവ് സബ്സ്റ്റൻസ് ആക്ട് അടക്കം രേഖപ്പെടുത്തി കേസെടുത്തു.
ആവോലത്ത് കാറിനുള്ളിൽനിന്ന് പടക്കം പൊട്ടിത്തെറിച്ച സ്ഫോടനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. കാറിനുള്ളിൽ പടക്കത്തിന് തീകൊടുത്ത് പുറത്തേക്കെറിയുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പൂവുള്ളതിൽ മുഹമ്മദ് ഷഹറാസ് (32), ബന്ധു റയീസ് (26) എന്നിവർക്കാണ് പരിക്കേറ്റത്. ഷഹറാസിന്റെ വലത് കൈപ്പത്തി തകർന്നു. ഇയാളെ വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.
പെരുന്നാള് ആഘോഷങ്ങള്ക്കിടെ തലശ്ശേരിയിൽനിന്ന് പടക്കം വാങ്ങി നാദാപുരത്തേക്ക് വരുംവഴി ആയിരുന്നു അപകടം. കാറിനുള്ളിൽ വെച്ച് തന്നെ തീകൊളുത്തിയ പടക്കം പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നത്. കാറും തകർന്ന നിലയിലാണ്.
മറ്റൊരു സംഭവത്തിൽ കല്ലാച്ചിയിൽ നടുറോഡിൽ പടക്കം പൊട്ടിച്ച് ഗതാഗതം തടസ്സപ്പെടുത്തിയുള്ള ആഘോഷത്തിൽ പൊലീസ് കേസെടുത്തു. കസ്തൂരിക്കുളത്തും സമാന രീതിയിൽ റോഡിൽ പടക്കം പൊട്ടിക്കൽ അരങ്ങേറി. ഇവിടെ പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. വാണിമേൽ ടൗണിലും ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു യുവാക്കളുടെ പടക്കം പൊട്ടിക്കൽ. ഇതോടെ മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങി.
വാണിമേൽ ടൗണിലുണ്ടായ പടക്കം പൊട്ടിക്കലിൽ കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ വളയം പൊലീസ് കേസെടുത്തു.