കണ്ണൂർ ∙ നികുതി വെട്ടിച്ച് അയൽസംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു വ്യാപകമായി ഡീസൽ കടത്തുന്നതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് കണ്ടെത്തി. ഇങ്ങനെ എത്തിക്കുന്ന ഡീസലിന് കേന്ദ്ര പെട്രോളിയം മന്ത്രാലയം നിർദേശിച്ചിട്ടുള്ള സുരക്ഷാ, ഗുണനിലവാര പരിശോധനകൾ നടക്കാത്തതിനാൽ ഗുരുതര സുരക്ഷാപ്രശ്നവും ഉണ്ട്.
ടാങ്കർ ലോറികളിൽ എത്തിച്ച് എറണാകുളം, കൊല്ലം ജില്ലകളിലെ ചില പമ്പുകളിലും ക്വാറികൾ കേന്ദ്രീകരിച്ചും കള്ളക്കടത്തു ഡീസൽ വിൽക്കുന്നതായാണു കണ്ടെത്തൽ. കേരള ജിഎസ്ടി റജിസ്ട്രേഷനുള്ള ചില ഏജൻസികളും കള്ളക്കടത്തു നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര വിൽപനനികുതി (സിഎസ്ടി) അടച്ച് അയൽസംസ്ഥാനങ്ങളിലെ റിഫൈനറികളിൽനിന്നു നേരിട്ടാണ് ഇന്ധനമെടുക്കുന്നത്. അതേസമയം, കേരളത്തിൽ അടയ്ക്കേണ്ട നികുതികളൊന്നും അടയ്ക്കുന്നില്ല.
പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ പെടുത്തിയിട്ടില്ല. സംസ്ഥാനങ്ങളാണു നികുതി നിശ്ചയിക്കുന്നതെന്നതിനാൽ, പഴയ കേരള ജനറൽ സെയിൽസ് ടാക്സ് നിയമത്തിന്റെ പരിധിയിലാണിപ്പോഴും. പെട്രോളിനു 30.08%, ഡീസലിന് 22.76% എന്നിങ്ങനെയാണു കേരളത്തിലെ നികുതി. ഇതിനു പുറമേ, ലീറ്ററിന് ഒരു രൂപ നിരക്കിൽ അധിക വിൽപനനികുതി, ഒരു ശതമാനം സാമൂഹിക സുരക്ഷാ സെസ്, ലീറ്ററിനു 2 രൂപ നിരക്കിൽ പ്രത്യേക സെസ് എന്നിവയുമുണ്ട്. ഈ നികുതികളും സെസുമാണു വെട്ടിക്കുന്നത്.
കൊച്ചിയിലെ ഏജൻസി വെട്ടിച്ചത് ഒന്നരക്കോടി
2019 മുതൽ ഇതുവരെ കൊച്ചിയിലെ ഒരു ഏജൻസി മാത്രം 6.20 കോടി രൂപയുടെ ഡീസൽ മംഗളൂരുവിൽനിന്നു കേരളത്തിലെത്തിച്ചതായും 1.54 കോടി രൂപയുടെ നികുതി വെട്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഏജൻസിക്കു സംസ്ഥാന ജിഎസ്ടി റജിസ്ട്രേഷനില്ല. നികുതി, പിഴ എന്നിവ കൂടാതെ, 50 ലക്ഷം രൂപ പലിശയും അടയ്ക്കണമെന്നാവശ്യപ്പെട്ട് ഏജൻസിക്കു നോട്ടിസ് നൽകിയിട്ടുണ്ട്.