കണ്ണൂര്‍: ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ അധ്യാപകരുള്‍പ്പെടെ ഏഴുപേര്‍ രാജിക്കത്ത് നല്കി. ഓര്‍ത്തോഡോന്റിക്സ് വിഭാഗത്തിലെ അധ്യാപകര്‍ ഉള്‍പ്പെടെ ഏഴുപേരാണ് രാജിക്കത്ത് നല്‍കിയത്. ജീവനക്കാര്‍ കൂട്ടത്തോടെ രാജിക്കത്ത് നല്‍കിയതോടെ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രവര്‍ത്തനം അവതാളത്തിലാണ്. അതേസമയം, രാജിക്കത്ത് മാനേജ്മെന്റ് സ്വീകരിച്ചിട്ടില്ല.
നിതിന്‍ രാജിന്റെ മരണത്തിന് ശേഷം വകുപ്പ് മേധാവിയായിരുന്ന ഡോ. എം കെ റാമിനും മറ്റ് ചില അധ്യാപകര്‍ക്കുമെതിരെ വിദ്യാര്‍ത്ഥികള്‍ ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും രക്ഷിതാക്കളുടെ സാമ്പത്തിക സ്ഥിതിയുടെയും പേരില്‍ അധ്യാപകര്‍ അധിക്ഷേപിക്കാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളുടെ മുന്നിലുള്‍പ്പെടെ വെളിപ്പെടുത്തിയിരുന്നു. അതിനുപിന്നാലെയാണ് ഓര്‍ത്തോഡോന്റിക്സ് വിഭാഗത്തിലെ അധ്യാപകര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരും രാജി പ്രഖ്യാപിച്ചത്.
വിദ്യാര്‍ത്ഥികളുടെ പ്രതികരണങ്ങള്‍ എല്ലാ അധ്യാപകരെയും സംശയമുനയില്‍ നിര്‍ത്തിയതില്‍ വേദനയുണ്ടെന്നാണ് അധ്യാപകര്‍ പരാതിയിലുള്‍പ്പെടെ പറയുന്നത്. നിതിന്റെ മരണത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അധ്യാപകരെക്കുറിച്ചുളള ഒപ്പീനിയന് പോള്‍ നടത്തിയിരുന്നു. ഇതെല്ലാംമൂലം അധ്യാപകരുടെ പേരുകള്‍ അതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു, പ്രതികരിക്കാന്‍ കഴിയാത്തത് ദൗര്‍ബല്യമാണ് എന്നെല്ലാമാണ് അധ്യാപകര്‍ പറയുന്നത്. മാനേജ്മെന്റ് ഇതുവരെ രാജി സ്വീകരിച്ചിട്ടില്ല. നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ കോളേജിലെ മറ്റ് രണ്ട് അധ്യാപകര്‍ കൂടി രാജിവെച്ചിരുന്നു. മാനസിക സംഘര്‍ഷം ഉണ്ടെന്ന് പറഞ്ഞായിരുന്നു അധ്യാപകരുടെ രാജി
