നിപ: ജില്ലയിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; വടകരയിൽ കണ്ടെയ്ൻമെന്റ് സോണാക്കിയിരുന്ന എല്ലാ വാർഡുകളെയും ഒഴിവാക്കി

news image
Sep 21, 2023, 3:20 pm GMT+0000 payyolionline.in

കോഴിക്കോട്: നിപ്പയെ തുടർന്നു കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്. വടകര താലൂക്കിലെ 9 ഗ്രാമ പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് സോണാക്കിയിരുന്ന എല്ലാ വാർഡുകളെ അതിൽനിന്ന് പൂർണമായും ഒഴിവാക്കി. നിപ്പ ബാധിച്ച് മരിച്ചവരുമായും പോസിറ്റീവ് ആയവരുമായും സമ്പർക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തിയ സാഹചര്യത്തിലാണിത്. പോസിറ്റീവ് ആയിരുന്നവരുമായി അടുത്ത സമ്പർക്കമുണ്ടായതിനെ തുടർന്ന് ക്വാറന്റീനിൽ കഴിയുന്നവർ അതു തുടരണം. മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

ഇന്നു പുതിയ നിപ്പ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ്പ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റിയും വൈകിട്ട് അവലോകന യോഗവും ചേര്‍ന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗങ്ങള്‍. മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.

ഫറോക്ക് മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലെ 43 – 48, 51 വാർഡുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. രാത്രി 8 മണി വരെ എല്ലാ കടകളും കമ്പോളങ്ങളും പ്രവർത്തിപ്പിക്കാം. ബാങ്കുകളും ട്രഷറിയും ഉച്ചയ്ക്കു രണ്ടു മണി വരെ പ്രവർത്തിപ്പിക്കാം. സമ്പർക്ക പട്ടികയിൽ ഉള്ളവർ ക്വാറന്റീനിൽ തുടരണം.

ഐസലേഷനിലുള്ളവര്‍ 21 ദിവസം ഐസലേഷനില്‍ തന്നെ തുടരണം. എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം. നിലവില്‍ 981 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇന്ന് ലഭിച്ച 27 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe