കൊച്ചി: അനിയന്ത്രിതമായ നിരക്ക് വർധന മൂലം സാധാരണക്കാരായ വിദേശ ഇന്ത്യക്കാർക്ക് വിമാന യാത്ര ഒഴിവാക്കേണ്ടി വരുന്നതായി ഹൈകോടതി. യാത്ര നിരക്ക് വർധന പ്രശ്നമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. വിമാന യാത്ര നിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് വിദേശ വ്യവസായിയും സഫാരി ഗ്രൂപ്പ് ചെയർമാനുമായ കെ. സൈനുൽ ആബ്ദീൻ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ വാക്കാൽ പരാമർശം.
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യാക്കാരായ സാധാരണക്കാർക്ക് ജീവിതത്തിന്‍റെ ഭാഗമാണ് വിമാനയാത്രയെന്ന് ഹരജിയിൽ പറയുന്നു. എന്നാൽ, കുത്തനെയുള്ള യാത്ര നിരക്ക് വർധന താങ്ങാവുന്നതിലപ്പുറമാണ്. വിദേശത്ത് കഠിനാധ്വാനം ചെയ്യുന്ന ഇവർ സ്വന്തം രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചക്ക് വലിയ സംഭാവനയാണ് ചെയ്യുന്നത്. രാജ്യത്തിന്‍റെ സാമൂഹിക ശാക്തീകരണത്തിനും കാരണക്കാരാണിവർ.
എന്നാൽ, വല്ലപ്പോഴും നാട്ടിൽ വന്ന് മടങ്ങാനുള്ള അവസരം പോലും നിഷേധിക്കും വിധം മനുഷ്യത്വ രഹിതമായ രീതിയിലാണ് കേന്ദ്രം വിമാനയാത്ര നിരക്ക് വർധിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയത്തിനും വ്യോമയാന അതോറിട്ടിക്കും നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു. വ്യോമയാന വകുപ്പിനെ കക്ഷിചേർക്കാൻ നിർദേശിച്ച കോടതി ഹരജി വീണ്ടും പരിഗണിക്കാനായി മാറ്റി.