കാഠ്മണ്ഡു: കുട്ടികളടക്കം നേപ്പാളിൽ 53 മലയാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് നോർക്കാ റൂട്ട്സ്. എംബസികളിൽ നിന്നുള്ള വിവരം അനുസരിച്ച് ഇവർ എല്ലാവരും സുരക്ഷിതരാണ്. ആരെയും നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. എംബസി മുഖേനയാണ് ഇവരെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് നോർക്ക റൂട്ട്സ് പ്രതിനിധി രാജേഷ് മാധവൻ അറിയിച്ചു.
ഫോണ് മുഖേനെയാണ് 53 പേർ നേപ്പാളിൽ ഉണ്ടെന്ന് വ്യക്തമായത്. ഇവരുടെ ലൊക്കേഷൻ കണ്ടെത്താൻ ശ്രമം തുടരുകയാണ്. കാഞ്ഞങ്ങാടു നിന്നുള്ള സഞ്ചാരികളുമായി സംസാരിക്കാൻ സാധിച്ചിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ല. നേപ്പാളിലേക്ക് എത്ര മലയാളികൾ പോയിട്ടുണ്ട് എന്ന കണക്ക് ലഭിച്ചിട്ടില്ല. ഹെൽപ് ലൈൻ നമ്പറുകളിലേക്കടക്കം എത്തിയ ഫോൺ കോളുകളുടെ അടിസ്ഥാനത്തിലാണ് 53 പേർ ഉണ്ടെന്ന് വ്യക്തമായത്. തീർത്ഥാടനത്തിന് പോയവരും ഇതിൽ ഉൾപ്പെടും- രാജേഷ് മാധവൻ അറിയിച്ചു.
ട്രാവൽ ഏജൻസി വഴി നേപ്പാളിലേക്ക് കൊച്ചിയിൽ നിന്ന് പോയ 38 അംഗ സംഘം സുരക്ഷിതരാണെന്നുള്ള റിപ്പോർട്ട് നേരത്തെ ഉണ്ടായിരുന്നു. മിന്നൽ പ്രളയമുണ്ടായ പ്രദേശത്തിന് സമീപം ആറുമണിക്കൂറോളം ഇവർ റോഡിൽ കുടുങ്ങിയിരുന്നു. രണ്ടു ട്രാവലറുകളിലായി സംഘം ഹോട്ടലിൽ എത്തിയതായാണ് വിവരം.
29ന് ഇവർ തിരികെ കേരളത്തിലെത്തും. എല്ലാവരും സുരക്ഷിതരാണെന്നും പൊഖാറയിലേക്ക് തിരിച്ചതായി ടൂർ ഓപ്പറേറ്റർ ടിനു പറഞ്ഞു.
കോട്ടയത്തു നിന്ന് 16 പേർ, കാസർകോട് നിന്ന് അഞ്ചുപേർ, 12 പേർ എറണാകുളം, കണ്ണൂർ, തൃശ്ശൂർ എന്നിവിടങ്ങളിൽ നിന്ന് രണ്ടു പേർ വീതം സംഘത്തിൽ ഉണ്ടായിരുന്നു. 23-ാം തീയതിയാണ് ഇവർ നേപ്പാളിലേക്ക് പോയത്. 29-ന് ഗൊരഖ്പൂരിൽ നിന്ന് തിരിച്ച് വിമാനത്തിലെത്തുമെന്ന് ടിനു പറഞ്ഞു.
