‌പഞ്ചായത്ത് തെര‍ഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് മമത; കേന്ദ്രത്തിനെതിരെ രണ്ടു ദിവസത്തെ ധർണ

news image
Mar 29, 2023, 6:38 am GMT+0000 payyolionline.in

കൊൽക്കത്ത: വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രണ്ടു ദിവസത്തെ ധർണയുമായി ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്തിനുള്ള ധനസഹായങ്ങൾ കേന്ദ്രം തടഞ്ഞുവെക്കുന്നു എന്നാരോപിച്ചാണ് മമത ഇന്ന് ധർണ ആരംഭിക്കുന്നത്. അംബേദ്കർ പ്രതിമക്ക് മുന്നിലാണ് ധർണ നടക്കുന്നത്.

ഷാഹിദ് മിനാർ ഗ്രൗണ്ടിൽ നടക്കുന്ന റാലിയിൽ ത‍‍ൃണമൂൽ കോൺ​ഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പങ്കെടുക്കും. കേന്ദ്രത്തിന്റെ ചിറ്റമ്മ നയത്തിനെതിരെയാണ് തൃണമൂലിന്റെ പ്രതിഷേധം. അതേസമയം, സാദർ​ദി​ഗിയിലെ തൃണമൂലിന്റെ തോൽവി തൃണമൂൽ കോൺ​ഗ്രസിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മമത വളരെ ജാ​ഗ്രതയോടെയാണ് പഞ്ചായത്ത് തെര‍ഞ്ഞെടുപ്പുകളെ നേരിടാൻ പോകുന്നത്. ഗുലാം റബ്ബാനിയിൽ നിന്ന് ന്യൂനപക്ഷകാര്യ വിഭാ​ഗം ഏറ്റെടുത്തതാണ് മമതയുടെ തെരഞ്ഞെടുപ്പ് നേരിടാനുള്ള നീക്കം.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കളമൊരുക്കവും മമത തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് അറിയിച്ച മമത കോൺ​ഗ്രസ് ഒഴികെയുള്ള പ്രാദേശിക പാർട്ടികളെ ഒരുമിപ്പിച്ച് മുന്നോട്ട് പോവാനാണ് തീരുമാനം. ഇതിന്റെ ഭാ​ഗമായി അഖിലേഷ് യാദവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കോൺ​ഗ്രസിനെ ഒഴിവാക്കിയുള്ള നീക്കത്തിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികിനെയും കൂടെ നിർത്തിയേക്കും.

കൊൽക്കത്തയിലെത്തിയാണ് മമതയുമായി അഖിലേഷ് യാദവ് കൂടിക്കാഴ്ച്ച നടത്തിയത്. ഇതൊരു മൂന്നാം സഖ്യമാണെന്ന് പറയുന്നില്ല. എന്നാൽ പ്രാദേശിക പാർട്ടികൾക്ക് ബിജെപിയെ നേരിടാനുള്ള കരുത്തുണ്ടെന്ന് തൃണമൂൽ എംപി സുദീപ് ബന്ദ്യോപാധ്യായ് പറഞ്ഞിരുന്നു. അതേസമയം, രാഹുൽ​ഗാന്ധിയെ അയോ​ഗ്യനാക്കിയ സംഭവത്തിൽ കോൺ​ഗ്രസിനെ പിന്തുണച്ച് മമത രം​ഗത്തെത്തിയിട്ടുണ്ട്.  ഇന്ത്യൻ ജനാധിപത്യം അധപതിക്കുന്നുവെന്ന് മമത പ്രതികരിച്ചിരുന്നു. മോദിയുടെ പുതിയ ഇന്ത്യയിൽ  പ്രതിപക്ഷ നേതാക്കളെ ബിജെപി വേട്ടയാടുന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമ്പോൾ പ്രതിപക്ഷ നേതാക്കളെ അയോഗ്യരാക്കുന്നുവെന്നും മമത ട്വിറ്ററിൽ കുറിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe