പണം വാങ്ങി വോട്ട് ചെയ്യരുതെന്ന നടൻ വിജയിയുടെ പരാമർശം; ‘പറഞ്ഞത് നല്ല കാര്യമല്ലേ’ എന്ന് ഉദയനിധി സ്റ്റാലിൻ

news image
Jun 17, 2023, 4:31 pm GMT+0000 payyolionline.in

ചെന്നൈ: പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് നടൻ വിജയിയുടെ പരാമർശത്തിൽ പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ. പറഞ്ഞത് നല്ല കാര്യം അല്ലേ എന്നാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം. ആർക്കും രാഷ്ട്രീയത്തിൽ വരാമെന്നും  ഉദയനിധി സ്റ്റാലിൻ പറഞ്ഞു. 10,12 ക്‌ളാസ്സുകളിൽ ഉന്നതവിജയം നേടിയവർക്ക് ആദരം നൽകുന്ന പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു നടൻ വിജയ്.  വിജയുടെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെയാണ് ഈ പരിപാടി.

വേദിയിൽ ഇരിക്കാതെ സദസ്സിൽ വിദ്യാർഥികൾക്കൊപ്പമാണ് വിജയ് ഇരുന്നത്. നാളത്തെ വോട്ടര്‍മാരാണ് നിങ്ങള്‍ എന്നു പറഞ്ഞുകൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മോശം പ്രവണതകള്‍ വിജയ് ചൂണ്ടിക്കാട്ടിയത്. ഒരു വോട്ടിന് 1000 രൂപ വച്ച് കൊടുക്കുന്നവര്‍ ഒന്നര ലക്ഷം പേര്‍ക്ക് അത് കൊടുക്കുന്നുണ്ടെങ്കില്‍ അത് 15 കോടി രൂപയാണ്. അപ്പോള്‍ അയാള്‍ അതിന് മുന്‍പ് എത്ര രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കൂ. നിങ്ങള്‍ വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് പറയൂ, ഈ കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് അവസാനിപ്പിക്കൂവെന്ന്. നിങ്ങള്‍ പറഞ്ഞാല്‍ അത് നടക്കും. നിങ്ങളെ പിന്തിരിപ്പിക്കാൻ പലരും ഉണ്ടാകും. നിങ്ങളുടെ മനസ്സ് പറയുന്നത് പോലെ പ്രവർത്തിക്കണം, വിജയ് പറഞ്ഞു.

അംബേദ്കർ, പെരിയാർ, കാമരാജ് എന്നിവരെ കുറിച്ച് പഠിക്കണമെന്നും വിജയ് വിദ്യാർത്ഥികളോട് പറഞ്ഞു.  സോഷ്യല്‍ മീഡിയയില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ക്കു പിന്നില്‍ ഒളിപ്പിച്ച ലക്ഷ്യങ്ങളുണ്ട്. അത് തിരിച്ചറിയണമെങ്കില്‍ പാഠപുസ്തകങ്ങള്‍ക്ക് അപ്പുറത്തേക്ക് പഠിക്കണം. എന്ത് വിശ്വസിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. നമ്മുടെ നേതാക്കളെക്കുറിച്ച്, അംബേദ്കര്‍, പെരിയാര്‍, കാമരാജ് ഇവരെക്കുറിച്ചൊക്കെ പഠിക്കണം. എന്ത് വിശ്വസിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്, വിജയ് പറഞ്ഞു.വിജയ്‍യുടെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ക്കിടെ നടന്ന പരിപാടി വാര്‍ത്താപ്രാധാന്യം നേടിയിട്ടുണ്ട്. 234 നിയോജക മണ്ഡലങ്ങളിലെയും വിദ്യാര്‍ഥികള്‍ സമ്മേളനത്തിന് എത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe