പന്തീരാങ്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; നാല് പേർക്ക് ഗുരുതര പരിക്ക്

news image
Mar 18, 2025, 3:45 am GMT+0000 payyolionline.in

പന്തീരാങ്കാവ്: ദേശീയപാതയിൽ പന്തീരാങ്കാവിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കണ്ണൂർ പേരാവൂർ സ്വദേശി പുത്തൻപുരയിൽ ഷിഫാസാണ് (19) മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ അത്താണിക്ക് സമീപമാണ് അപകടം.

കാറിലുണ്ടായിരുന്ന ബന്ധുക്കളായ അബ്ദുൽ മജീദ് (44), ആയിഷ (37), മുഹമ്മദ് ആഷിഖ് (21), നിമീർ (19) എന്നിവർ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരു വാഹനങ്ങളും കോഴിക്കോട് ഭാഗത്തുനിന്നും വരുകയായിരുന്നു. അപകടം നടന്ന അത്താണി ജങ്ഷനിൽനിന്ന് ലോറി വലതുവശത്തേക്ക് തിരിയുമ്പോൾ പിറകിൽ വന്ന കാർ ലോറിയുമായി ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് കയറിയ കാർ പൂർണമായും തകർന്നു.

ഓടിക്കൂടിയ നാട്ടുകാരും പന്തീരാങ്കാവ് പൊലീസും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്. കണ്ണൂർ ഇരിക്കൂറിൽനിന്നും ഗൾഫിലേക്ക് പുറപ്പെടുന്നതിനായി കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവർ എന്ന് പൊലീസ് പറഞ്ഞു. പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ കെ. ഷാജുവിന്റെ നേതൃത്വത്തിൽ പൊലീസ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ എടുത്തുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe