പയ്യോളി: നഗരസഭാ പരിധിയിലെ ഇരിങ്ങല്‍ വില്ലേജില്‍ പെട്ട കോട്ടക്കല്‍ പ്രദേശത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ സഭയില്‍ പ്രമേയം അവതരിപ്പിച്ചു. ഏറെ പ്രശസ്തമായ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ പ്രദേശവുമായി പലപ്പോഴും ആശയകുഴപ്പം ഉണ്ടാവുന്നത് ഒഴിവാക്കാനാണ് പേര് മാറ്റം ആവശ്യപ്പെട്ടുന്നത്. വ്യക്തത ലഭിക്കാനായി കോട്ടക്കലിനെ പലപ്പോഴും ഇരിങ്ങല്‍ – കോട്ടക്കല്‍ എന്നാണ് രേഖകളില്‍ ഉള്‍പ്പെടുത്തുന്നത്.
കോഴിക്കോട് സാമുതിരിയുടെ നാവിക മേധാവിയായ കുഞ്ഞാലിമരക്കാരുടെ ജന്മസ്ഥലമായ കോട്ടക്കലിനെ ‘കുഞ്ഞാലി കോട്ടക്കല്‍’ എന്ന് പുനര്‍നാമകാരണം ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഗ്രാമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പൊതുപ്രവര്‍ത്തകനായ പുത്തന്‍ പുരയില്‍ ഷൌക്കത്ത് അലിയാണ് ഗ്രാമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സുജല ചെത്തില്‍ ഗ്രാമസഭയില്‍ അധ്യക്ഷത വഹിച്ചു.