പയ്യോളി: പയ്യോളി ടൗണിനോട് ചേർന്ന് ലോറി വഴിയിൽ കുടുങ്ങിയത് ദേശീയപാതയിൽ ഗതാഗത സ്തംഭനത്തിന് കാരണമായി. ഇന്ന് രാവിലെ 7 മണിയോടെയാണ് കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിൽ പയ്യോളി റെയിൽവേ സ്റ്റേഷൻ അടുത്തായി ലോറി നിന്ന് പോയത്.
യന്ത്ര തകരാർ ആണെന്ന് ആദ്യം കരുതിയെങ്കിലും ഡീസൽ തീർന്നതാണെന്ന് പിന്നീട് മനസ്സിലായി.
ഇതോടെ അതിരാവിലെ ട്രെയിന് പോകേണ്ട വരും സ്കൂൾ ബസ്സുകളും ഉൾപ്പെടെ വാഹനങ്ങളുടെ നീണ്ട നിര പയ്യോളി ടൗണിൽ രൂപപ്പെട്ടു.
കൊച്ചിയിൽ നിന്ന് മംഗലാപുരത്തേക്ക് ഓടുമായി പോവുകയായിരുന്ന കൂറ്റൻ കണ്ടെയ്നർ ആണ് ഓട്ടം നിലച്ചു വഴിയിൽ കുടുങ്ങിയത്.
തള്ളിനീക്കാൻ സാധിക്കുന്നതിലും കൂടുതൽ ഭാരമാണെന്ന് മനസ്സിലായതോടെ നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും പോലീസും ചേർന്ന് മറ്റു വാഹനങ്ങളെ പുറകിലേക്ക് മാറ്റി പയ്യോളി ബീച്ച് റോഡ് വഴിയും മണിയൂർ വഴിയും തിരിച്ചുവിടുകയായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ ഡീസൽ സ്ഥലത്തെത്തിച്ച് തകരാറു പരിഹരിച്ച് ലോറി മാറ്റുമ്പോൾ ഒരു മണിക്കൂർ കഴിഞ്ഞിരുന്നു.
ഇത്തരത്തിൽ ലോറികൾ കുടുങ്ങുന്നത് അടുത്ത കാലത്ത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. മാഹിയിലുള്ള ഇന്ധനത്തിന്റെ വില കുറവാണ് പലപ്പോഴും വില്ലൻ ആകുന്നത് എന്നാണ് ആരോപണം.
ദീർഘദൂര ലോറികൾ മാഹിലക്ഷ്യമാക്കി കൃത്യം ഇന്ധനവുമായി നീങ്ങുമ്പോൾ ഗതാഗതക്കുരുൾപ്പെടെയുള്ള പ്രശ്നങ്ങളിൽ പെട്ട് ഇന്ധന ഉപയോഗം കൂടുകയും വഴിയിൽ പെടുകയുമാണെന്ന് പറയുന്നു.
ഇന്ന് വഴിയിൽ കുടുങ്ങിയ കണ്ടെയ്നർ ലോറിയിലെ ജീവനക്കാരും ഇതാണ് കാരണമായി പറഞ്ഞത്. പഴയതുപോലെ ദേശീയപാതയോരത്തെ പെട്രോൾ പമ്പുകളിൽ സുഗമമായി പ്രവേശിക്കാൻ സാധിക്കാത്തതും ഒരു കാരണമായി പറയുന്നുണ്ട്.
സംഭവത്തിൽ ഹൈവേ പോലീസ് എസ് ഐ മോഹൻദാസിന്റെ നേതൃത്വത്തിലുള്ള ഇടപെടലിലാണ് ഗതാഗതം പുനസ്ഥാപിച്ചത്. മഴക്കാലത്തെ റോഡ് തകർച്ചയ്ക്ക് പുറമേ ഇത്തരത്തിലുള്ള സംഭവങ്ങൾ കൂടി ആവർത്തിക്കുമ്പോൾ ദേശീയപാതയിലൂടെയുള്ള യാത്ര ജനത്തിന് ദുരിതമാവുകയാണ്.