പയ്യോളി : പയ്യോളി നഗരസഭയിൽ ഖരമാലിന്യ പരിപാലന ചട്ടങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരസഭാ പരിധിയിൽ നൂറോ അതിൽ കൂടുതലോ ആളുകൾ പങ്കെടുക്കുന്ന വിവാഹങ്ങൾ, സൽക്കാരങ്ങൾ, റിസപ്ഷനുകൾ , ഗൃഹപ്രവേശം, തുടങ്ങിയ എല്ലാ ചടങ്ങുകളും നടത്തുന്നതിന് മുമ്പ് നഗരസഭയുടെ അനുമതി വാങ്ങേണ്ടതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
1986 ലെ പരിസ്ഥിതി സംരക്ഷണം നിയമത്തിന്റെയും 2016ലെ മാലിന്യ പരിപാലന ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ നഗരസഭ കൗൺസിൽ അംഗീകരിച്ച നിയമാവലിയുടെ അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത് . ഇത്തരം ചടങ്ങുകൾ ഹരിത പെരുമാറ്റ ചട്ടം പാലിച്ചു നടത്തണമെന്നും ഇവിടെ ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ അനുയോജ്യമായ കമ്പോസ്റ്റിംഗ് രീതിയിലൂടെ സംസ്കരിക്കേണ്ടതും അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയെ ഏൽപ്പിക്കേണ്ടതുമാണ്. നിയമാവലി അനുസരിച്ച് നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന റസിഡൻറ് വെൽഫെയർ അസോസിയേഷനുകളും നഗരസഭയിൽ രജിസ്ട്രർ ചെയ്യണമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. അപേക്ഷ ഫോറങ്ങൾ ഓഫീസ് കൗണ്ടറിൽ ലഭ്യമാണ്.