പയ്യോളി: തിരക്കേറിയ പയ്യോളി – പേരാമ്പ്ര റൂട്ടില്‍ ടോറസ് ലോറികളില്‍ ചിലത് ഓടുന്നത് നമ്പര്‍ പ്ലേറ്റ് മറച്ച് വെച്ച്. സ്വകാര്യ വ്യക്തികളുടെ ടോറസ് ലോറികളാണ് ഇത്തരത്തില്‍ ഓടുന്നത്. ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി കരാര്‍ കമ്പനിയുടെ ലോറികള്‍ നിരന്തരം പോവുന്ന റൂട്ടിലാണ് ഇത്തരത്തില്‍ പരസ്യമായി നിയമം ലംഘിച്ച് ടോറസ് ലോറികള്‍ ഓടുന്നത്. ഇവയുടെ മുന്‍ വശത്തെയും സൈഡിലെയും നമ്പറുകള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പുറക് വശത്തെ നമ്പര്‍ പ്ലേറ്റ് മടക്കിവെച്ചും അക്കങ്ങള്‍ വ്യക്തമാകാതിരിക്കാന്‍ ചെളി പുരട്ടിയുമാണ് ഓടുന്നത്.

പയ്യോളി – പേരാമ്പ്ര റൂട്ടില്‍ പുറകിലെ നമ്പര്‍ പ്ലേറ്റ് മടക്കി വെച്ച് ഓടുന്ന ടോറസ് ലോറി
ഏതെങ്കിലും തരത്തില്‍ നിയമ ലംഘനം നടന്നാലോ കാലനട യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ഇടിച്ചിട്ടാലോ ഇവരെ നമ്പര്‍ നോക്കി പിടികൂടാന്‍ സാധിക്കാത്ത സ്ഥിതിയാണ്. എ.ഐ ക്യാമറകളുടെയും സ്ഥപനങ്ങളുടെയും കണ്ണ് വെട്ടിക്കാനാണ് പലപ്പോഴും ലോറികള്‍ ഇത്തരത്തില്‍ നമ്പര്‍ മറച്ച് ഓടുന്നതെന്നാണ് കരുതുന്നത്.
ടൌണിലൂടെ ഹെല്‍മറ്റ് ഇല്ലാതെ ഓടുന്ന ഇരുചക്ര വാഹനങ്ങളെ ഹോം ഗാര്‍ഡുകളുടെ സഹായത്തോടെയാണ് പോലീസ് പലപ്പോഴും പിടികൂടുന്നത്. ഡ്യൂട്ടിയിലുള്ള ഹോം ഗാര്‍ഡുമാര്‍ ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവരുടെ ഫോട്ടോ മൊബൈലില്‍ എടുക്കുന്നത് പതിവുള്ള കാഴ്ചയാണ്. എന്നാല്‍ പുറക് വശത്ത് നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാതെ പോവുന്ന വാഹനങ്ങളുടെ ഫോട്ടോ എടുക്കാന്‍ കഴിയാത്ത നിസ്സഹായതയും ഇവര്‍ പ്രകടിപ്പിക്കുന്നുണ്ട്.