പയ്യോളി : തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസുകാരി സനായാസർ അധ്യാപകർക്കും അധ്യാപികയായി ചരിത്രം രചിച്ചു. കുട്ടിഅധ്യാപികയായും അധ്യാപകർ കുട്ടികളായും മാറിയ ഒരു മണിക്കൂർ സമയം ഇരുത്തം വന്നൊരു പരിശീലകയെ പോലും വെല്ലും വിധം തകർത്താടി സനാ യാസിർ അധ്യാപകദിനാഘോഷത്തിലെ വേറിട്ടൊരധ്യായമായി.
അധ്യാപകരിൽ നിന്ന് കുട്ടി പ്രതീക്ഷിക്കുന്നത് , അധ്യാപകർ എന്താവണം , ബഹുമുഖ ബുദ്ധിയുടെ സാധ്യതകൾ തുടങ്ങി 3 മേഖലകളായാണ് സന തന്റെ മുന്നിലിരിക്കുന്ന നൂറ്റിയിരുഞ്ചോളം സ്വന്തം അധ്യാപകർക്ക് മുന്നിൽ വിഷയം അവതരിപ്പിച്ചത്.
കോവിഡ് കാലത്ത് ഫോണും നെറ്റും ഉപയോഗിച്ച് വഴി മാറി പോയ കുട്ടികളെക്കുറിച്ച് മാത്രം സംസാരിക്കുന്ന സമൂഹത്തിന് ശക്തമായ ഒരു മറുപടിയാണ് സനാ യാസർ. ഫോൺ അടക്കമുളള സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഇതേ കാലത്ത് സ്വയം വഴി തിരിച്ചറിഞ്ഞ പത്താം ക്ലാസുകാരി തന്റെ വിദ്യാലയമായ തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകദിനാഘോഷ വേളയിൽ ആണ് അധ്യാപകവിദ്യാർഥി ബന്ധത്തിന് ദൃഢത കൈവരിക്കാനുള്ള തന്ത്രങ്ങളുമായി ഒരു മണിക്കൂർ അധ്യാപകരെ പിടിച്ചിരുത്തിയത്.
കൂടാതെ 52 ക്ലാസുമുറികളിലും കുട്ടിയധ്യാപകർ ഇഷ്ടവിഷയങ്ങൾ സഹപാഠികൾക്ക് സങ്കോചമില്ലാതെ പഠിപ്പിച്ച് അധ്യാപകരുടെ കയ്യടി നേടി. സ്കൌട്ട് ആന്‍റ് ഗൈഡ്സ് വിഭാഗം എല്ലാ അധ്യാപകർക്കും ആശംസാ കാർഡുകളും കൈമാറി.പുതുതലമുറയുടെ ഇഛാശക്തിയും വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ആർജവവും പ്രശംസനീയമെന്ന് പ്രധാനാധ്യാപകൻ മൂസക്കോയ മാസ്റ്ററും അഭിപ്രായപ്പെട്ടു.അധ്യാപക ദിനാഘോഷം കോർഡിനേറ്റർ സൈനുദ്ധീൻ മാസ്റ്ററുടെ നേതൃത്വത്തിൽ വേറിട്ട നിരവധി പ്രവർത്തനങ്ങളാണ് ഇത്തവണ സപ്തംബർ 5 ന് ടി എസ് ജി വി എച്ച് എസ് എസ് പയ്യോളിയിൽ നടന്നത്.