പയ്യോളി ഹൈസ്കൂള്‍ ഭൂമി കയ്യേറി പില്ലര്‍ സ്ഥാപിച്ചതിന് ആറ് പേര്‍ക്കെതിരെ കേസെടുത്തു

news image
Nov 3, 2022, 2:46 pm GMT+0000 payyolionline.in

 

പയ്യോളി: പയ്യോളി ഹൈസ്കൂള്‍ ഭൂമി കയ്യേറി പില്ലര്‍ സ്ഥാപിച്ചെന്ന പരാതിയില്‍ ആറ് പേര്‍ക്കെതിരെ കേസെടുത്തു. പയ്യോളി ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.എന്‍ ബിനോയ് കുമാരിന്റെ പരാതിയിലാണ് പയ്യോളി പോലീസ് കേസെടുത്തത്. സര്ക്കാര്‍ വക ഭൂമി കയ്യേറി തൂണ് സ്ഥാപിച്ചതിനാണ് കേസെടുത്തത്.

പെരുമാള്‍പുരം ശിവക്ഷേത്ര കമ്മറ്റിക്കാരായ ഉപേന്ദ്രന്‍ ഉപാസന, രാജീവന്‍ പട്ടേരി, പിടി ബിജു, കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 447, 149  വകുപ്പുകള്‍ പ്രകാരമാണ് കേസ്.

നവംബര്‍ രണ്ടിന് രാത്രി വൈകിയാണ് ഹൈസ്കൂള്‍ ഭൂമിയില്‍ തൂണ് സ്ഥാപിച്ചതെന്ന് സ്കൂള്‍ അധികൃതര്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍  പോലീസ് കേസെടുക്കണമെന്ന് ഇന്ന് സ്ഥലം സന്ദര്‍ശിച്ച പിടിഎ പ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. രണ്ട് ദിവസം മുന്‍പ് തൂണ് സ്ഥാപിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ എതിര്‍പ്പുമായി നേരിട്ടെത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ രാത്രിയുള്ള സംഭവമെന്നാണ് കരുതുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe