പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത്; ടവറുകളിൽ പലസ്തീന്റെ പതാക ഉയർന്നു

news image
Oct 9, 2023, 12:24 pm GMT+0000 payyolionline.in

കുവൈത്ത് സിറ്റി: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത്. കുവൈത്ത് ടവറുകളിൽ പലസ്തീൻ പതാകകൾ ഉയർന്നു. ഗാസയിലും പലസ്തീൻ നഗരങ്ങളിലും നടന്ന അധിനിവേശത്തിലും നടത്തിയ ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് കുവൈത്ത് ടവറുകളിൽ പലസ്തീൻ പതാകകൾ ഉയർന്നത്. പലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് പൂർണ്ണ പിന്തുണയാണ് കുവൈത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. അറബ്, അന്താരാഷ്ട്ര വേദികളിൽ ഈ വിഷയം ഉയർത്തിപ്പിടിക്കുമെന്നും കുവൈത്ത് വ്യക്തമാക്കി.

പലസ്തീനെതിരായ ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും പലസ്തീന്‍ ജനതയെ സംരക്ഷിക്കാനും കുവൈത്ത് ആഹ്വാനം ചെയ്തിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗണ്‍സില്‍, അന്താരാഷ്ട്ര സമൂഹം എന്നിവയോട് ആഹ്വാനം ചെയ്യുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

അക്രമം തടയാതെ തുടരുന്നത് സമാധാനം സ്ഥാപിക്കാനുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള ഒത്തുതീര്‍പ്പ് ലക്ഷ്യമാക്കിയുള്ള ശ്രമങ്ങളെ അപകടത്തിലാക്കുമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തില്‍ പലസ്തീന്‍ ജനതയുടെ പക്ഷത്ത് നിലകൊള്ളുന്ന കുവൈത്ത് ഭരണകൂടത്തിന്റെ നിലപാടും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe