പാകിസ്താൻ പതാക വിൽക്കരുത്; ഫ്ളിപ്കാർട്ടിനും ആമസോണിനും നോട്ടീസ്

news image
May 15, 2025, 3:18 am GMT+0000 payyolionline.in

ന്യൂഡൽഹി: പാകിസ്താൻ പതാകയും സമാനമായ മറ്റ് ഉൽപന്നങ്ങളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ളിപ്കാർട്ട്, ആമസോൺ, എറ്റ്സി ഉൾപ്പെടെയുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതി (സി.സി.പി.എ) നോട്ടീസയച്ചു. ഇന്ത്യയിലെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഇത്തരം ഉൽപന്നങ്ങൾ അനുവദിക്കാനാകില്ലെന്ന് ഉപഭോക്തൃകാര്യ മന്ത്രി പ്രൾഹാദ് ജോഷി എക്സിൽ കുറിച്ചു.

ഏത് നിയമപ്രകാരമാണ് പാക് പതാകകളുള്ള ഉൽപന്നങ്ങൾ നിരോധിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇന്ത്യയുമായി മോശം ബന്ധത്തിലുള്ള രാജ്യത്തിന്‍റെ പതാകയുള്ള ഉൽപന്നം വിൽക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ മാസം ഒമ്പതിനാണ് പ്ലാറ്റ്ഫോമുകൾക്ക് സി.സി.പി.എ നോട്ടീസ് നൽകിയത്. മീഷോ, ഒഎൽഎക്സ്, ട്രേഡ് ഇന്ത്യ, ഫേസ്ബുക്, ഇന്ത്യ മാർട്ട്, വർദാൻ മാർട്ട്, ജിയോമാർട്ട്, കൃഷ്ണമാർട്ട് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾക്കും നോട്ടീസുണ്ട്.

“പാകിസ്താനി പതാകകളും സമാന ഉൽപന്നങ്ങളും വിൽക്കുന്നതുമായി ബന്ധപ്പെട്ട് ആമസോൺ, ഫ്ളിപ്കാർട്ട്, യുബേഇന്ത്യ, എറ്റ്സി, ഫ്ളാഗ് കമ്പനി, ഫ്ളാഗ് കോർപറേഷൻ എന്നിവക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇത്തരം അനൗചിത്യങ്ങൾ അംഗീകരിക്കാനാകില്ല. ഇത്തരം ഉൽപന്നങ്ങൾ പ്ലാറ്റ്ഫോമുകളിൽനിന്ന് നീക്കി ദേശീയ നിയമങ്ങൾ പാലിക്കണമെന്ന് ഇ-കൊമേഴ്സ് സൈറ്റുകളോട് നിർദേശിക്കുന്നു” -മന്ത്രി എക്സിൽ കുറിച്ചു.

ഏപ്രിൽ 22നുണ്ടായ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യ -പാകിസ്താൻ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണത്. നയതന്ത്ര ഉദ്യോഗസ്ഥരെ ഉൾപ്പെടെ തിരിച്ചയച്ച ഇന്ത്യ, സിന്ധു നദീജല കരാർ മരവിപ്പിക്കുന്നതുൾപ്പെടെ കടുത്ത നടപടികൾ സ്വീകരിച്ചു. ആക്രമണത്തിനു തിരിച്ചടിയായി മേയ് ഏഴിന് ഓപറേഷൻ സിന്ദൂറിലൂടെ പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സേന തകർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe