ഗാന്ധിനഗർ: ഗൂജറാത്തിലെ അംരേളി ജില്ലയിൽ വിജപാടി റെയിൽവേസ്റ്റേഷൻ പരിസരത്ത് പാളം മുറിച്ചുകടക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ തട്ടി സിംഹത്തിന് പരിക്ക്. ഇന്ന് രാവിലെ അഞ്ചിനാണ് സംഭവം.
ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ മഹുവയിൽനിന്ന് സുരേന്ദ്രനഗറിലേയ്ക്ക് പോകുകയായിരുന്ന ഗുഡ്സ് ട്രെയിൻ തട്ടിയാണ് അപകടം. ഇതോടെ, ഏഴിനും എട്ടിനുമിടയിൽ പ്രായം കണക്കാക്കുന്ന പെണ്‍സിംഹത്തെ ചികിത്സയ്ക്കായി അനിമൽ സെന്ററിലേക്ക് മാറ്റിയതായി വനംവകുപ്പ് അറിയിച്ചു.
സിംഹങ്ങളുടെ സുരക്ഷക്കായി വെറ്റിനറി ഡോക്ടർമാർ, ആംബുലൻസ് സർവീസുകൾ, സ്പീഡ് ബ്രേക്കറുകൾ, മുന്നറിയിപ്പ് ബോർഡുകൾ, പെട്രോളിംഗ് ഉൾപ്പെടെ വിവിധ മുൻകരുതലുകൾ ഗുജറാത്ത് സർക്കാർ എർപ്പെടുത്തിയിട്ടുണ്ട്. 2020 ലെ കണക്കുകൾ പ്രകാരം ഗുജറാത്തിൽ ഏഷ്യൻ സിംഹങ്ങളുടെ എണ്ണത്തിൽ അഞ്ചു വർഷത്തിനിടെ 29 ശതമാനം വർധനയുണ്ട്. 2015 ൽ 523 ആയിരുന്ന സിംഹങ്ങളുടെ എണ്ണം 2020 ഓടെ 672 ആയി ഉയർന്നിരുന്നു.