ദില്ലി: പുതിയ പാർലമെന്റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ഹിന്ദുത്വ സൈദ്ധാന്തികനായ വി ഡി സവർക്കറുടെ ജന്മവാർഷിക ദിനത്തില്‍ നടത്തുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുള്ളത്. ഇത് രാജ്യത്തിനും രാജ്യത്തിന്‍റെ സ്ഥാപക പിതാക്കന്മാർക്കും തികഞ്ഞ അപമാനമാണെന്നാണ് കോണ്‍ഗ്രസിന്‍റെ വിമര്‍ശനം.
പ്രധാനമന്ത്രി എന്തിനാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്. രാജ്യത്തിന്‍റെ സ്ഥാപകരെ, ഗാന്ധി, നെഹ്‌റു, പട്ടേൽ, ബോസ്, ഡോ. അംബേദ്കര്‍ എന്നിവരെയെല്ലാം നിരാകരിച്ച് കൊണ്ടാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നടത്തുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ മഹാനായ പുത്രൻ വി ഡി സവര്‍ക്കറുടെ 140-ാം ജന്മവാര്‍ഷികത്തില്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തത്.
പ്രതിപക്ഷത്തിന്‍റെ മൈക്ക് ഓഫ് ചെയ്തുവച്ചിട്ട് പാർലമന്‍റ് മന്ദിരം കൊണ്ടുള്ള ഉപയോഗമെന്താണെന്നും കോൺഗ്രസ് നേതാക്കൾ ചോദിച്ചു. അതേസമയം, രണ്ടര വർഷം കൊണ്ടാണ് അതിവിശാലമായ പുതിയ പാർലമെന്റ് മന്ദിരത്തിന്‍റെ പണി പൂർത്തിയാകിയത്. 970 കോടി ചെലവിൽ 64,500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ കെട്ടിടം. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളാനാകും.