തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടിൽ രാഷ്ട്രീയ ഇടപെടൽ സംശയിച്ച് എസ്ഐടി. ഇടത് സംഘടനാ നേതാക്കളുടെ നിയമനത്തിലാണ് സംശയം ശക്തമാകുന്നത്. ഒന്നാം റാങ്കുകാരൻ അരുൺ ജെ പ്രതാപിനാണ് നിയമനം ലഭിച്ചത്. അരുൺ ജെ പ്രതാപിനെ കുഴക്കിയ ചോദ്യങ്ങൾ ഒഴിവാക്കിയായിരുന്നു മൂല്യനിർണയം. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫായാണ് അരുണിന് നിയമനം ലഭിച്ചത്. ഇടത് സംഘടനാ പ്രവർത്തകനാണ് അരുൺ ജെ പ്രതാപ്.
പത്ത് ചോദ്യങ്ങളാണ് മൂല്യനിർണയത്തിൽ ഒഴിവാക്കിയത്. പരീക്ഷയെഴിതിയ മുഴുവൻ ഉദ്യോഗാർത്ഥികളുടെയും പത്ത് ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ വിടുകയായിരുന്നു. 58 മാർക്കിനുള്ളതായിരുന്നു ചോദ്യങ്ങൾ. ഈ 10 ചോദ്യങ്ങളിൽ ആറ് ചോദ്യങ്ങൾക്കും അരുൺ ഉത്തരം എഴുതിയില്ല. ഒരു ചോദ്യത്തിന് രണ്ടു വരി മാത്രമാണ് ഉത്തരം എഴുതിയത്. ഒഴിവാക്കിയ ഉത്തരങ്ങളിൽ മൂല്യനിർണയം നടത്തിയിരുന്നെങ്കിൽ അരുൺ ജെ പ്രതാപിന് ഒന്നാം റാങ്ക് ലഭിക്കില്ലായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
അരുണിനെ സഹായിക്കാൻ മൂല്യനിർണയവും അട്ടിമറിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. വിഷയത്തിൽ പിഎസ്സി ചെയർമാൻ എം ആർ ബൈജുവിന്റെ പങ്കാളിത്തവും എസ്ഐടി പരിശോധിക്കും. ഉത്തര കടലാസുകൾ ചട്ടവിരുദ്ധമായി ചെയർമാൻ പരിശോധിച്ചതായാണ് സംശയം. വിശദമായ അന്വേഷണത്തിനാണ് എസ്ഐടി തയ്യാറെടുക്കുന്നത്.
അതേസമയം പിഎസ്സി കേരഫെഡ് എൽഡി ക്ലർക്ക് പരീക്ഷ അട്ടിമറിക്കാൻ ചെയർമാൻ എം ആർ ബൈജു ഇടപെട്ടുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഉദ്യോഗാർത്ഥിയുടെ പരാതിയിൽ അന്വേഷണ സംഘം അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഒഴിവ് നികത്താതെ റാങ്ക് പട്ടിക റദ്ദാക്കാൻ എം ആർ ബൈജു നിർദേശം നൽകിയെന്നാണ് പരാതി. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെയായിരുന്നു റാങ്ക് പട്ടിക റദ്ദാക്കിയത്. കേരഫെഡിൽ 23 ഒഴിവുകൾ നിലനിൽക്കെയായിരുന്നു വിവാദ നിക്കമെന്നതും ശ്രദ്ധേയമാണ്.
ഇതിനിടെ പിഎസ്സി ക്രമക്കേട് അന്വേഷണങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കുകയാണ് അന്വേഷണ സംഘം. ഇതുവരെ 90ലേറെ പരാതികളാണ് എസ്ഐടിക്ക് ലഭിച്ചത്. ഈ പരാതികളെല്ലാം വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ക്രമക്കേടിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഉൾപ്പടെ പങ്കാളിത്തം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവരെ ഉടൻ തന്നെ ചോദ്യം ചെയ്യാനാണ് നീക്കം. ഉദ്യോഗസ്ഥരുടെ ഫോൺകോൾ വിശദാംശങ്ങളും പരിശോധിക്കും. പരീക്ഷാ വിഭാഗത്തിലെ കംപ്യൂട്ടറുകൾ പിടിച്ചെടുക്കാനും നീക്കമുണ്ട്. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
