പിവി ശ്രീനിജിൻ എംഎൽഎയെ അധിക്ഷേപിച്ചെന്ന കേസ്; സാബു എം ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

news image
Feb 2, 2024, 2:36 pm GMT+0000 payyolionline.in

കൊച്ചി: പി വി ശ്രീനിജിൻ എംഎൽഎയെ പൊതുവേദിയിൽ അധിക്ഷേപിച്ചെന്ന കേസിൽ ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം.ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞിട്ടുള്ളത്.  അന്വേഷണവുമായി സഹകരിക്കാൻ സാബു എം ജേക്കബിന് കോടതി നിർദേശം നൽകി. കേസിൽ ചോദ്യം ചെയ്യൽ ആവശ്യമാണെങ്കിൽ കൃത്യമായ നോട്ടീസ് നൽകണമെന്നും ഹൈക്കോടതി പൊലീസിനോട് പറഞ്ഞു.  പുത്തൻകുരിശ് പോലീസ് എടുത്ത കേസ് റദ്ദാക്കണമെന്ന സാബു എം ജേക്കബിന്റെ  ഹർജിയിലാണ് നടപടി. പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയായിരുന്നു കേസെങ്കിലും പൊലീസ് നടപടിക്ക് മുൻപ് സാബു എം ജേക്കബ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്വന്റി 20  ഞായറാഴ്ച്ച കോലഞ്ചേരിയിൽ നടത്തിയ സമ്മേളനത്തിലെ പ്രസംഗത്തിന്‍റെ പേരിലാണ് സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തത്. കലാപമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ള പ്രകോപന പ്രസംഗം എന്നതിലാണ് കേസ്. ജാമ്യം ലഭിക്കാവുന്ന 153 വകുപ്പാണ് പൊലീസ് സാബു എം ജേക്കബിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രസംഗത്തിലൂടെ പി വി ശ്രീനിജിൻ  എം എല്‍ എയെ ഇകഴ്ത്തി കാണിക്കാനും  മോശക്കാരനായി ചിത്രീകരിക്കാനും ശ്രമിച്ചതായി എഫ് ഐ ആറിലുണ്ട്. പി വി ശ്രീനിജിൻ എം എല്‍ എയെക്കൂടാതെ  സി പി എം പ്രവര്‍ത്തകാരായ  ശ്രുതി ശ്രീനിവാസൻ, ജോഷി വര്‍ഗീസ് എന്നിവരും സാബു എം ജേക്കബിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ജോഷി വര്‍ഗീസിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ വ്യക്തിപരായ ഒരു അധിക്ഷേപവും ആര്‍ക്കുമെതിരെയും നടത്തിയിട്ടില്ലെന്നാണ് സാബു എം ജേക്കബിന്‍റെ വിശദീകരണം. പ്രസംഗത്തിലെവിടെയും എംഎല്‍എയെന്നോ പേരോ പരാമര്‍ശിച്ചിട്ടില്ല. ട്വന്റി 20 പാര്‍ട്ടി കൂടുതല്‍ പഞ്ചായത്തുകളില്‍ സ്വാധീനമുറപ്പിക്കുകയാണ്. ഇതിലുള്ള അസഹിഷ്ണുതയാണ് പരാതിക്ക് പിന്നിലെന്നും കലാപാഹ്വാനം നടത്തുന്നത് സി പി എമ്മാണെന്നും സാബു എം ജേക്കബ്ബ് വിശദീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe