തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്‌സ് മാർക്കറ്റിങ് മാനേജർക്ക് വധഭീഷണി. ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാൽ കൊന്നുകളയുമെന്നാണ് ഭീഷണി. മാർക്കറ്റിങ് മാനേജർ സി പി രമേശൻ കന്റോൺമെന്റ് പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസം രാത്രി ഫോണിലൂടെയായിരുന്നു രമേശന് ഭീഷണി വന്നത്. ‘ആർഎസ്എസിനെ നിങ്ങൾക്ക് അറിയില്ലേ’ എന്ന് ചോദിച്ചതായി രമേശൻ പറയുന്നു. പുസ്തക വിൽപ്പന പോലും അനുവദിക്കില്ലെന്നും ഭീഷണി മുഴക്കിയതായും രമേശൻ പറഞ്ഞു. സംഘപരിവാർ സംഘടനകളാണ് ഭീഷണിക്ക് പിന്നിലെന്ന് പി ജയരാജൻ പറഞ്ഞു. ഒരു പുസ്തകത്തെ പോലും സംഘപരിവാർ ഭയപ്പെടുകയാണ്. പുസ്തക വിൽപ്പന പോലും അനുവദിക്കില്ല എന്നാണ് നിലപാട്. ഇത്തരത്തിലുള്ള നീക്കത്തെ പൊതുസമൂഹം അപലപിക്കണമെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു. ഈ മാസം 20നാണ് ജയരാജന്റെ പുസ്തക പ്രകാശനം തീരുമാനിച്ചിരിക്കുന്നത്. പിണറായി വിജയനാണ് പുസ്തക പ്രകാശനം നിർവഹിക്കുന്നത്.
നേരത്തേ പുസ്തക രചനയുടെ ഭാഗമായി പി ജയരാജൻ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം സന്ദർശിച്ചത് ഒരു വിഭാഗം വിവാദമാക്കിയിരുന്നു. കമ്മ്യൂണിസ്റ്റായ പി ജയരാജൻ ഒളിഞ്ഞും പതുങ്ങിയും ക്ഷേത്ര ദർശനം നടത്തിയെന്നായിരുന്നു ആരോപണം. സംഭവത്തിൽ പ്രതികരണവുമായി പി ജയരാജൻ തന്നെ രംഗത്തെത്തിയിരുന്നു. കൊടുങ്ങല്ലൂർ കാവിൽ പോയതുകൊണ്ട് താൻ ഒരു ‘ഭക്തൻ’ ആയി മാറിയെന്നോ, ആരാധനാലയങ്ങളെ മാറ്റിനിർത്തിയാലേ ഈ നാടിന്റെ സാമൂഹ്യചരിത്രം പഠിക്കാൻ കഴിയൂ എന്നോ ആരെങ്കിലും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെങ്കിൽ അവരോട് സഹതാപമേ ഉള്ളൂവെന്നായിരുന്നു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയരാജൻ പറഞ്ഞത്. കൊടുങ്ങല്ലൂരിൽ മാത്രമല്ല, കേരളത്തിലെ പ്രസിദ്ധവും അത്ര പ്രസിദ്ധമല്ലാത്തതുമായ അനേകം ആരാധനാലയങ്ങളിൽ താൻൻ പോയിട്ടുണ്ട്. അജ്മീർ ദർഗയിലും പഞ്ചാബിലെ സുവർണ ക്ഷേത്രത്തിലും പോയിട്ടുണ്ട്. നിരവധി ക്രൈസ്തവ ദേവാലയങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്. ഇതെല്ലാം ഭക്തിപ്രകടനമായി അല്ല, സമൂഹത്തെയും ചരിത്രത്തെയും ജനവിശ്വാസങ്ങളെയും കൂടുതൽ മനസിലാക്കാനുള്ള അവസരങ്ങളായിട്ടാണ് താൻ ഉപയോഗിച്ചതെന്നും ജയരാജൻ കുറിപ്പിൽ പറഞ്ഞിരുന്നു.
