പുതുപ്പള്ളി> പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മുമ്പോട്ട് വെക്കുന്ന അജണ്ട വികസന രാഷ്ട്രീയമാണെന്നും വികസനവുമായി ബന്ധപ്പെട്ട സംവാദത്തിന് തയ്യാറുണ്ടോ എന്നാണ് ആദ്യഘട്ടത്തിൽ തന്നെ യുഡിഎഫ് സ്ഥാനാർഥിയോട് അഭ്യർഥിച്ചതെന്നും എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. നാമനിർദേശ പത്രിക സമർപിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജെയ്ക്.
എന്നാൽ, ഇതേവരെ വികസനത്തെ മുൻനിർത്തിയുള്ള രാഷ്ട്രീയ സംവാദത്തിന് യു ഡി എഫ് സ്ഥാനാർഥി തയ്യാറായിട്ടില്ല. യുഡിഎഫിന്റെ ഭാഗമായി ഉയർന്നുവന്ന ചെറുതും വലുതുമായ ചോദ്യങ്ങൾക്ക് എൽഡിഎഫ് സ്ഥാനാർത്ഥി എന്ന നിലയിൽ മറുപടി നൽകി. പുതുപ്പള്ളിയിൽ വികസനം ചർച്ച ചെയ്യാൻ വിളിക്കുന്ന വേദിയിലേക്ക് വരാൻ ഞങ്ങൾ തയ്യാറാണ്. നിങ്ങൾ തയ്യാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി അവർ നൽകിയിട്ടില്ല.
മണിപ്പൂർ വംശഹത്യയ്ക്ക് നേതൃത്വം നൽകിയ സംഘപരിവാറുമായി കോട്ടയം ജില്ലയിൽ കൈകൊടുക്കാനുള്ള കോൺഗ്രസിന്റെ നീക്കം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള മിനി പരീക്ഷണമല്ലേയെന്നും ജെയ്ക് ചോദിച്ചു.
പുതുപ്പള്ളി 2021 ൽ തന്നെ മാറുവാൻ വെമ്പിനിൽക്കുന്ന അർത്ഥസമ്പൂർണമായ രാഷ്ട്രീയ ദിശ മാറ്റത്തിന്റെ ചിഹ്നങ്ങളെ മ്മുടെ നാടിനു സമ്മാനിച്ചതാണ്. ആ മാറ്റം പൂർണതയിൽ എത്തിക്കുവാൻ കൊതിച്ച് നിൽക്കുന്ന പുതുപ്പള്ളിയെ ആണ് 2023 ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ കാണുവാൻ കഴിയുക. ഈ ഉപതെരഞ്ഞെടുപ്പോടു കൂടി പുതുപ്പള്ളിയിലെ രാഷ്ട്രീയ ദിശാസൂചിക സമ്പൂർണമായി ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അഭിമാനർഹമായ അനുഭവങ്ങളിലേക്ക് മാറും എന്ന് തന്നെയാണ് സൂചിപ്പിക്കാനുള്ളത് എന്നും ജെയ്‌ക് വ്യക്തമാക്കി.