പുറക്കാട്: അരിമ്പൂർ മുക്ക് കല്ലടക്കുനി റോഡിന്റെയും , പത്തൊമ്പതര ലക്ഷം ചെലവിൽ പണി പൂർത്തീകരിച്ച കാരാട്ട് കണ്ടി എടവനക്കണ്ടി റോഡിന്റെയും ഉദ്ഘാടനം കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. അരിമ്പൂർമുക്ക് കല്ലടക്കുനി റോഡിനു വർഷങ്ങൾക്ക് മുമ്പ് വെള്ളിക്കുളങ്ങര കിണർ ഇടിഞ്ഞു മണ്ണിനടിയിൽ പെട്ടവരെ രക്ഷിക്കാനുള്ള ദൗത്യത്തിനിടയിൽ മരണപ്പെട്ട ധീര ഫയർമാൻ മുല്ലതുരുത്തി ജാഫറിന്റെ പേര് നൽകാൻ തിക്കോടി പഞ്ചായത്തു ഭരണ സമിതി എടുത്ത തീരുമാനം എംഎൽഎ പ്രഖ്യാപിച്ചു.
പുറക്കാട് കല്ലടക്കുനി ചേർന്ന പൊതുയോഗത്തിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദൻ കുയ്യണ്ടി, പ്രനില സത്യൻ, വിബിത ബൈജു, കെ സുകുമാരൻ, എടവനക്കണ്ടി രവീന്ദ്രൻ, കോരച്ഛൻ കണ്ടി ശ്രീധരൻ, അൽത്താസ് മാസ്റ്റർ, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരായ ആനന്ദ്, രാജീവൻ എന്നിവരും സംസാരിച്ചു. ഫയർമാൻ ജാഫറിന്റെ പിതാവ് മുല്ല തുരുത്തി അബ്ദുല്ലകുട്ടിയും കുടുംബവും ചടങ്ങിൽ സന്നിഹിതരായിരുന്നു.