കൊയിലാണ്ടി: പെരുവട്ടൂർ നടേരി റോഡിലെ കുഴി അടക്കാൻ അടിയന്തര നടപടിയുമായി നഗരസഭ എഞ്ചനീയറിംഗ് വിഭാഗം രംഗത്ത്. ഗർത്തം രൂപംകൊണ്ട സ്ഥലത്ത് പഴയ കൽവെർട്ട് നീക്കംചെയ്ത് പുനർനിർമ്മിക്കുന്ന പ്രവൃത്തി ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് നടേരി റോഡിൽ മഹാത്മ ഗാന്ധി സ്തൂപത്തിനു സമീപം റോഡിനു നടുവിലായി കൽവെർട്ടിൻ്റെ സ്ലാബ് വൃത്താകൃതിയിൽ തകർന്ന് താഴ്ന്ന് അപകട ഭീഷണിയായിമാറിയത്. മുന്നറിയിപ്പ് ഉണ്ടായിട്ടും ഇന്നലെ രാത്രി വിയ്യൂർ സ്വദേശി ബൈക്കിൽ സഞ്ചരിക്കുമ്പോൾ കുഴിയിൽ അകപ്പെട്ട് കാലിന് സാരമായ പരിക്കേറ്റിരുന്നു.
ഉടൻതന്നെ നഗരസഭ കൌൺസിലർ ടി. ചന്ദ്രിക വിഷയത്തിൽ ഇടപെട്ട് നഗരസഭ ഉദ്യോഗസ്ഥരുമായി സംസാരിച്ച് അടിയന്തര ഇടപെടൽ വേണ്ടമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം സ്ഥലം സന്ദർശിച്ച് അടിയന്തരമായി കൽവെർട്ട് പുനർനിർമ്മിക്കാൻ തീരുമാനിച്ചത്. ഉടനതന്നെ ജെസിബിയുമായി തൊഴിലാളികളെത്തി തകർന്ന ഭാഗം നീക്കംചെയ്ത് തുടങ്ങി.
നിലവിൽ പെരുവട്ടൂർ മുക്ക് മുതൽ കക്കുളം ഭാഗംവരെയുള്ള റോഡ് നവീകരിക്കാൻ 3 പദ്ധതികളിലായി പണം മാറ്റി വെച്ചിട്ടുണ്ട്. ഈ വർക്കുകൾ ഉടൻ ആരംഭിക്കുമെന്നാണ് എഞ്ചനീയറിംഗ് വിഭാഗത്തിൽ നിന്ന് അറിയുന്നത്. ഈ ഫണ്ടിൽ നിന്നാണ് കൽവെർട്ട് പുതുക്കി നിർമ്മിക്കുന്നതിനുള്ള തുകയും കണ്ടെത്തിയിട്ടുള്ളതെന്ന് എഞ്ചനീയറിംഗ് വിഭാഗം ഓവർസിയർ സജീവൻ പറഞ്ഞു.
