പേടിഎം പെയ്മെൻ്റ്സ് ബാങ്കിന് 5.49  കോടി രൂപ പിഴ

news image
Mar 1, 2024, 3:36 pm GMT+0000 payyolionline.in

ദില്ലി: പേടിഎം പെയ്മെൻ്റ്സ് ബാങ്കിന് 5.49  കോടി രൂപ പിഴയിട്ട് ഫിനാഷ്യൽ ഇന്റലിജൻസ് യൂണിറ്റ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് നടപടി. വിവിധ അന്വേഷണ ഏജൻസികളുടെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ധനമന്ത്രാലയത്തിൻ്റെ നടപടി. അതിനിടെ, പേടിഎം പേയ്‌മെന്റ്സ് ബാങ്കുമായുള്ള കരാറുകൾ പേടിഎം അവസാനിപ്പിച്ചു. കമ്പനിയുടെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കമ്പനിയുടെ ഡയറക്ടർ ബോർഡ് തീരുമാനത്തിന് അംഗീകാരം നൽകി. ഇനി പുതിയ ബാങ്കുകളുമായി സഹകരിച്ച് പേടിഎമ്മിന്റെ ഇടപാടുകൾ തുടരാനാണ് നീക്കം. ഈ മാസം 15 ന് ശേഷം പേടിഎം വാലറ്റിലേക്കും ബാങ്കിലേക്കുമുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് റിസർവ് ബാങ്ക് വിലക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പേടിഎമ്മിന്റെ തീരുമാനം.

പ്രതിസന്ധി നേരിടുന്ന പേടിഎം യുപിഐ പേയ്‌മെന്റുകൾക്കുള്ള പങ്കാളിത്തത്തിനായി എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി  ചർച്ചകൾ നടത്തുന്നുണ്ട്.  നിലവിലുള്ള എല്ലാ പേടിഎം ഉപഭോക്താക്കളെയും മറ്റൊരു പേയ്‌മെൻറ് സേവന ദാതാവിലേക്ക് മാറ്റാൻ മൂന്ന് മുതൽ ആറ് മാസം വരെ എടുത്തേക്കും. പേടിഎം  ഉപഭോക്താക്കൾക്ക് ഇപ്പോൾ കമ്പനിയുടെ വിപിഎ വഴി അവരുടെ യുപിഐ പേയ്‌മെൻന്റുകൾ നടത്താൻ കഴിയും. പേടിഎമ്മിന്റെ യുപിഐ പേയ്‌മെന്റുകൾ പേടിഎം പേയ്‌മെൻറ് ബാങ്ക് ലൈസൻസിന് കീഴിലാണ് പ്രവർത്തിച്ചിരുന്നത്. ആർബിഐ ഈ ലൈസൻസ് റദ്ദാക്കുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. അതിന് മുൻപ് മറ്റൊരു സേവന ദാതാവിനെ കണ്ടെത്താനാണ് കമ്പനിക്ക് സമയം അനുവദിച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe