പേപ്പട്ടികളെ കൊല്ലാൻ അനുമതിയാകുമോ, തെരുവ് നായ ശല്യത്തിന് പരിഹാരമാകുമോ? ഹർജി ഇന്ന് സുപ്രീംകോടതിയിൽ

news image
Oct 12, 2022, 3:51 am GMT+0000 payyolionline.in

ദില്ലി: തെരുവ്നായകളെ നിയന്ത്രിക്കണമെന്ന ഹർജി  ഇടക്കാല ഉത്തരവിനായി സുപ്രിം കോടതി ഇന്ന്  പരിഗണിക്കും.  കൂടൂതൽ പേർ കക്ഷി ചേർന്നതിനാൽ  വാദത്തിന് കൂടുതൽ സമയം വേണ്ടിവരുന്നതിനാലാണ് ഹർജി ഇന്നത്തേക്ക് മാറ്റുന്നത്  ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കേസ് ദീപാവലി അവധി കഴിഞ്ഞ് പരിഗണിക്കണമെന്ന എതിർ ഭാഗത്തിൻ്റെ ആവശ്യം കോടതി ഇന്നലെ അംഗീകരിച്ചില്ല.

 

പേപ്പട്ടികളെയും, അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. ഈയാവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. പക്ഷികളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോള്‍  അവയെ കൊന്നു തള്ളാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. പേപ്പട്ടി ശല്യം ഇത്രയും രൂക്ഷമായ സാഹചര്യത്തില്‍  നിലവിലെ ചട്ടങ്ങളില്‍ ഇളവ് വരുത്തി അനുമതി നല്‍കണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. നിലവിലെ കേന്ദ്ര ചട്ടങ്ങള്‍ അനുസരിച്ച് നായ്ക്ക്കളെ കൊല്ലാന്‍ അനുമതിയില്ല. അക്രമകാരികളായ  നായ്ക്കളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി മരണം വരെ ഒറ്റപ്പെടുത്തി പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്.

 

എബിസി പദ്ധതി കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പിക്കാന്‍ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് എബിസി പദ്ധതിയില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ മാറ്റിനിര്‍ത്തിയിരുന്നു. മൃഗക്ഷേമ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തതായിരുന്നു കാരണം. ഇതോടെ 8 ജില്ലകളില്‍ എബിസി പദ്ധതി ഏതാണ്ട് പൂര്‍ണ്ണമായും തടസപ്പെട്ടെന്ന്  സര്‍ക്കാര്‍  അറിയിച്ചു. മൃഗക്ഷേമ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കേറ്റ് ഉള്ള മറ്റ് ഏജന്‍സികള്‍ സംസ്ഥാനത്തില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോടതി അനുകൂല നിലപാട് സ്വീകരിച്ചാലേ സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാനാവൂയെന്ന് ജസ്റ്റിസ് സിരിജഗന്‍ വ്യക്തമാക്കി. എബിസി പദ്ധതി താളം തെറ്റിയതാണ് നായ്ക്കള്‍ പെരുകാന്‍ കാരണമെന്ന് ജസ്റ്റിസ് സിരിജഗനും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  നായ പിടുത്തക്കാരെ കിട്ടാനില്ലെന്ന് പല തദ്ദേശ സ്ഥാപനങ്ങളും അറിയിച്ചതായും സിരിജഗന്‍ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe