പേപ്പര്‍ ബാഗിന് പണം ഈടാക്കി, ഉപഭോക്താവിന് 150 ഇരട്ടി തിരികെ നല്‍കാന്‍ കോടതി

news image
Oct 23, 2023, 3:10 pm GMT+0000 payyolionline.in

ബെംഗളൂരു: പേപ്പര്‍ ബാഗിന് 20 രൂപ ഈടാക്കിയ സ്വീഡിഷ് ഫർണിച്ചർ റീട്ടെയ്‌ലർ ഐകിയക്ക് 3000 രൂപ പിഴയിട്ട് കോടതി. ഉപഭോക്താവിന് പണം തിരികെ നൽകാനും പേപ്പർ ബാഗിന് 20 രൂപ ഈടാക്കിയതിന് നഷ്ടപരിഹാരമായി 3,000 രൂപ നൽകാനും ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഉപഭോക്താവിന് 20 രൂപ പലിശ സഹിതവും നഷ്ടപരിഹാരമായി 1000 രൂപയും വ്യവഹാര ചെലവുകൾക്കായി 2000 രൂപയും നൽകാനാണ് കോടതി ഉത്തരവിട്ടത്. ഐകിയ 20 രൂപ ഈടാക്കിയ ക്യാരി ബാഗിൽ കമ്പനിയുടെ ലോഗോ പ്രിന്റ് ചെയ്‌തിരുന്നു. ബാഗിന് പണം ഈടാക്കുന്നത് അന്യായമാണെന്നും കോടതി നിരീക്ഷിച്ചു.

ബെംഗളൂരു ശാന്തിനഗർ അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് കേസ് പരിഗണിച്ചത്. സംഗീത ബൊഹ്‌റ എന്ന ഉപഭോക്താവാണ് 2022 ഒക്ടോബർ 6-ന് ഐകിയയുടെ നാഗസാന്ദ്ര ബ്രാഞ്ചില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയത്. സാധനങ്ങൾ കൊണ്ടുപോകാൻ അവര്‍ ബാഗ് ആവശ്യപ്പെട്ടു. എന്നാല്‍ കമ്പനിയുടെ ലോഗോ പതിച്ച ബാഗ് നല്‍കിയെങ്കിലും 20 രൂപ ഈടാക്കി. സ്ഥാപനത്തിന്‍റെ നടപടി അന്യായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. വിവരങ്ങൾ മറച്ചുവെച്ചെല്ല വില്‍പനയെന്നും പേപ്പർ ബാഗ് ഉൾപ്പെടെയുള്ള എല്ലാ ഉൽപ്പന്നങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങൾ വിശദമായി പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ഐകിയ വാദിച്ചു. എന്നാല്‍ കമ്പനിയുടെ വാദം കമ്മീഷന്‍ അംഗീകരിച്ചില്ല.

പ്രസിഡണ്ട് ബി എൻ അരയണപ്പ, അംഗങ്ങളായ ജ്യോതി എൻ, ശരാവതി എസ് എം എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് ഉത്തരവിട്ടത്. സാധനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയുന്ന തരത്തില്‍ എല്ലാത്തരം ചെലവുകളും സ്ഥാപനം വഹിക്കണമെന്ന് കമ്മീഷൻ കരുതുന്നുവെന്നും വിധിയില്‍ പറഞ്ഞു. ഉപഭോക്താക്കൾക്ക് സ്വന്തം ബാഗുകൾ കൊണ്ടുപോകാൻ അനുവാദമില്ലെന്നതും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഉപഭോക്താവ് വിവിധ കടകളിൽ നിന്ന് ഏകദേശം 15 ഇനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുവെങ്കില്‍ അതിനായി വീട്ടിൽ നിന്ന് 15 ക്യാരി ബാഗുകൾ എടുക്കുമെന്ന് കരുതാനാകില്ലെന്നും വിധിന്യായത്തിൽ പറയുന്നു. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം പാലിക്കണമെന്നും ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe