പേരാമ്പ്രയിൽ ലഹരി വ്യാപകം; അഞ്ചുപേർ മുൻകരുതൽ അറസ്റ്റിൽ

news image
Feb 6, 2023, 2:57 am GMT+0000 payyolionline.in

പേരാമ്പ്ര: പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും വ്യാപകമായ പശ്ചാത്തലത്തിൽ പൊലീസ്-എക്സൈസ് സംഘം നടത്തിയ സംയുക്ത റെയ്ഡിൽ 15 പേരെ ചോദ്യം ചെയ്യുകയും അഞ്ചുപേരെ മുൻകരുതലായി അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവർ മുമ്പ് ലഹരികടത്ത് കേസിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.

ചോദ്യംചെയ്ത 15 പേർക്കും ലഹരിയുമായി ബന്ധമുണ്ട്. സ്കൂൾ-കോളജ് വിദ്യാർഥിനികൾക്ക് ഉൾപ്പെടെ ലഹരിവിൽപന നടത്തുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കഞ്ചാവ്, എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പുകൾ തുടങ്ങി എല്ലാവിധ മയക്കുമരുന്നുകളും പേരാമ്പ്ര മേഖലയിൽ സ്ഥിരമായി എത്തിക്കുന്ന വലിയ കണ്ണികൾ പ്രവർത്തിക്കുന്നുണ്ട്.

ഇതുകൊണ്ടാണ് പൊലീസ് പരിശോധന ശക്തമാക്കിയത്. ഡോഗ് സ്ക്വാഡും പരിശോധനയിൽ പങ്കെടുത്തിരുന്നു. പ്രിൻസ് എന്ന പൊലീസ് നായ് കഞ്ചാവ്, ബ്രൗൺഷുഗർ മറ്റ് എൻ.ഡി.പി.എസ് ഉൽപന്നങ്ങൾ എന്നിവ കണ്ടെത്താൻ പ്രത്യേക കഴിവുള്ളതാണ്. സംശയാസ്പദമായ ഉറവിടങ്ങളിലും സൂക്ഷിപ്പുകേന്ദ്രങ്ങളിലും വ്യക്തികളുടെ വീടുകളിലും കഴിഞ്ഞ നാലു ദിവസമായി റെയ്ഡ് തുടരുകയാണ്.

പേരാമ്പ്ര ബസ് സ്റ്റാൻഡ്, മത്സ്യ മാർക്കറ്റ് പരിസരം, കല്ലോട്, പാണ്ടിക്കോട്, ചാത്തോത്ത് താഴെ, നൊച്ചാട്, എരവട്ടൂർ, മേഞ്ഞാണ്യം, ചേർമല, പൊൻപറക്കുന്ന്, കൈപ്രം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തി. പാണ്ടിക്കോട് നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിക്കുന്നത് എന്ന് സംശയിക്കുന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സജി അഗസ്റ്റിൻ നയിച്ച പൊലീസ് സംഘത്തിൽ സി.പി.ഒമാരായ മണിലാൽ, വിജേഷ്, സജീവൻ എന്നിവരും എം.എസ്.പി സേനാംഗങ്ങളും ഉണ്ടായിരുന്നു. പ്രതീശ്, ശ്യാം, മനോജ് എന്നിവരാണ് ഡോഗ് സ്ക്വാഡിൽ ഉണ്ടായിരുന്നത്.

സുരേഷ്, അനൂപ്, രാജീവൻ, അമ്മദ് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. ലഹരിമരുന്നിനെതിരെ വലിയ ജാഗ്രത പുലർത്തണമെന്നും മയക്കുമരുന്നുകൾ വിൽപനക്കെത്തിക്കുന്നവരെ സംബന്ധിച്ചും ഉപയോഗിക്കുന്നവരെ സംബന്ധിച്ചും രഹസ്യാന്വേഷണ വിഭാഗത്തിനും പൊലീസ് – എക്സൈസ് അധികാരികളെയും രഹസ്യമായി വിവരങ്ങൾ അറിയിക്കാൻ നാട്ടുകാരുടെ സഹകരണമുണ്ടാവണമെന്നും ഇൻസ്പെക്ടർ ബിനു തോമസ് അഭ്യർഥിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe