പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസിൽ ഇന്ന് രാവിലെ 9 മണിയോടെ ഒരു മിനി ലോറി റോഡിൽ നിന്ന് നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടു. കക്കാട് ജംഗ്ഷനും ഇ എം എസ് ആശുപത്രി ജംഗ്ഷനും ഇടയിലായിരുന്നു അപകടം. കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ സ്റ്റിയറിങ് തകർന്നതാണ് അപകടത്തിന് കാരണം എന്നാണു പ്രാഥമിക നിഗമനം. ലോറിയിൽ ഡ്രൈവറും സഹായിയുമുണ്ടായിരുന്നു, എന്നാൽ ഇരുവരും ഗുരുതര പരിക്കുകൾ ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടം നടന്നയുടൻ സമീപവാസികളും യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പേരാമ്പ്ര പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. അപകടസ്ഥലത്ത് വലിയ ജനത്തിരക്കായിരുന്നു. ലോറി താഴ്ചയിലേക്ക് മറിഞ്ഞതിനാൽ പ്രധാന റോഡിൽ ഗതാഗതക്കുരുക്ക് നേരിട്ടില്ല. എന്നാൽ, അപകട സ്ഥലത്തേക്ക് ആളുകൾ കൂടിയതിനാൽ കുറച്ച് നേരം ഭാഗിക ഗതാഗത തടസം അനുഭവപ്പെട്ടു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി അപകടകാരണം സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.