കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച കേന്ദ്രത്തിലെ മെറ്റീരിയൽ റൂം തുറന്നതുമായി ബന്ധപ്പെട്ട തർക്കം കോടതിയിലേക്ക്. വീഴ്ച വരുത്തിയ റിട്ടേണിംഗ് ഓഫീസർക്കെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് യുഡിഎഫ് നാളെ കോടതിയെ സമീപിക്കും. വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിലെ സ്ട്രോങ്ങ് റൂമുകൾ അനുമതിയില്ലാതെ തുറന്നു എന്നാണ് യുഡിഎഫിന്റെ പ്രധാന പരാതി.
സംഭവത്തിൽ ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രധാന സ്ഥാനാർത്ഥികളെ അറിയിച്ച ശേഷമാണ് മെറ്റീരിയൽ റൂം തുറന്നതെന്നും എന്നാൽ എല്ലാ സ്ഥാനാർത്ഥികളെയും അറിയിക്കാത്തതാണ് ഉണ്ടായ വീഴ്ചയെന്നും റിപ്പോർട്ടിൽ പറയുന്നു. മെറ്റീരിയൽ റൂം സാധാരണയായി സ്ട്രോങ്ങ് റൂമിന് സമീപം വെക്കാറില്ലാത്തതും അതിന് ‘സ്ട്രോങ്ങ് റൂം’ എന്ന് പേര് നൽകിയതും ആശയക്കുഴപ്പത്തിന് കാരണമായെന്നും കളക്ടർ ചൂണ്ടിക്കാട്ടി.
തുറന്നത് റിസർവ് റൂം അല്ലെന്നും തെരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിച്ച മെറ്റീരിയൽ റൂം മാത്രമാണെന്നുമായിരുന്നു റിട്ടേണിംഗ് ഓഫീസറുടെ വിശദീകരണം. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് കളക്ടർ ശ്രമിക്കുന്നതെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ മുന്നണി തീരുമാനിച്ചത്.
