റാന്നി: മന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിയുടെ നോട്ടീസിൽ പ്രോട്ടോകോള്‍ പാലിക്കാത്തതിൽ പ്രതിഷേധവുമായി സി.പി.ഐ. ഇന്ന് വൈകിട്ട് റാന്നിയില്‍ വനം മന്ത്രി നടത്തുന്ന സൗരോര്‍ജവേലിയുടെ നിര്‍മാണോദ്ഘാടനം ബഹിഷ്കരിക്കുമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറുമായ ജോജോ കോവൂര്‍ അറിയിച്ചു.
മന്ത്രി പങ്കെടുക്കുന്ന പരിപാടി ഉദ്യോഗസ്ഥമേളയാക്കി മാറ്റിയെന്നും പ്രോട്ടോകോള്‍ പാലിച്ചില്ലെന്നുമാണ് സി.പി.ഐ വിമർശനം. നോട്ടീസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പേര് കഴിഞ്ഞ് ഉദ്യോഗസ്ഥരുടെ പേരുകളാണ്. അതിന് ശേഷമാണ് ജനപ്രതിനിധികളായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും പേരുകൾ നൽകിയിട്ടുള്ളത്. കൂടാതെ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും വേണ്ടത്ര പരിഗണന നൽകിയിട്ടില്ല.
നോട്ടീസില്‍ വനം വകുപ്പിന്‍റെയും പൊലീസിന്‍റെയും ഉന്നത ഉദ്യോഗസ്ഥരാണ് ആദ്യ സ്ഥാനക്കാരിൽ കൂടുതലും. എല്‍.ഡി.എഫ് എന്ന നിലയിൽ പരിപാടിയില്‍ കൂടിയാലോചന നടന്നിട്ടില്ല. തെറ്റായ നോട്ടീസ് കീഴ്വഴക്കം തെറ്റിച്ച് പുറത്തിറക്കിയത് വഴി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ദുഷ്പ്രമാണിത്തമാണ് പുറത്തു വന്നത്. ജനാധിപത്യ സംവിധാനത്തില്‍ നിലവിലുള്ള പ്രോട്ടോകോള്‍ സംവിധാനം അംഗീകരിക്കാത്ത വനം വകുപ്പ് അധികൃതരുടെ പേരില്‍ നടപടി എടുക്കണമെന്നും കണ്‍വീനര്‍ ആവശ്യപ്പെട്ടു.
അവഗണന കാട്ടിയ സംഭവത്തില്‍ ജില്ലാ എല്‍.ഡി.എഫിന് പരാതി നല്‍കാനും സി.പി.ഐ തീരുമാനിച്ചു. എന്നാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വരെ മാത്രമേ പ്രോട്ടോകോള്‍ മാനുവലില്‍ ഉള്ളുവെന്നും അതാണ് ഇത്തരത്തില്‍ നോട്ടീസ് അടിച്ചുവരാന്‍ കാരണമെന്നും പുതിയ നോട്ടീസ് ഉടനെ ഇറക്കുമെന്നും റാന്നി റേഞ്ച് ഓഫിസർ ബി. ദിലീഫ് പറഞ്ഞു.