മേപ്പയ്യൂർ: കീം പരീക്ഷ ഉൾപ്പടെയുള്ളവയിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ സ്കോർ വിലയിരുത്തുമ്പോൾ നമ്മൾ അഭിമാനപൂർവ്വം കാണുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിൻ്റെ ഭാഗമായി വന്ന കുട്ടികളെ പിന്നിലാക്കുന്ന നിലയിൽ സി.ബി.എസ് ഇ , ഐ.സി എസ് ഇ വിദ്യാർത്ഥികളെക്കാൾ 35 മാർക്ക് കുറയ്ക്കുന്നത് തികഞ്ഞ അവഗണനയാണെന്ന് ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ പറഞ്ഞു. കേരളം ഉയർത്തി കാട്ടുന്ന പൊതുവിദ്യാഭ്യാസ മികവിന് വിരുദ്ധമാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ആർ.ജെ.ഡി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ.സി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് ഉന്നത വിജയികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.ലോഹ്യ. കൃഷ്ണൻ കീലോട്ട് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി വി.പി. മോഹനൻ, പഞ്ചായത്ത് സെക്രട്ടറി വി.പി. ദാനീഷ്, വി.പി.രാജീവൻ എ.കെ നിഖിൽ എന്നിവർ സംസാരിച്ചു.