ചെന്നൈ : റോഡ് പൊളിഞ്ഞുകിടക്കുന്നുവെന്ന് പരാതിപ്പെട്ട കൗൺസിലറോട് കയര്‍ത്ത് കളക്ടര്‍. തമിഴ്നാട്ടിലെ തെങ്കാശിയിലാണ് സംഭവം. കളക്ടറുടെ ധാര്‍ഷ്ട്യത്തിനെതിരെ വിമര്‍ശനം ശക്തമാണ്. കൃഷി ആവശ്യത്തിനായി രാമനതി അണക്കെട്ടിലെ വെള്ളം തുറന്നുകൊടുക്കുന്നതിന് വേണ്ടിയാണ് തെങ്കാശി ജില്ലാ കളക്ടര്‍ ദുരൈ രവിചന്ദ്രൻ എത്തിയത്.
ചടങ്ങിന് ശേഷം കളക്ടര്‍ മടങ്ങാൻ ഒരുങ്ങുമ്പോൾ പഞ്ചായത്തംഗം മാരികുമാര് അടുത്തെത്തി കഡയത്തിനും രാമനതിക്കും ഇടയിലെ 6 കിലോമീറ്റര്‍ റോഡ് പൊളിഞ്ഞുകിടക്കുകയാണെന്നും പല തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും പറഞ്ഞു. ഇതോടെയാണ് പ്രസ്തകമല്ലാത്ത വിഷയങ്ങൾ ഉന്നയിക്കരുതെന്ന് പറഞ്ഞ് കളക്ടര്‍ ക്ഷുഭിതനായത്.
വെള്ളത്തെ കുറിച്ച് വല്ലതുമുണ്ടെങ്കില്‍ പറയൂ, അല്ലാതെ റോഡ് ശരിയല്ലെന്ന് പറയേണ്ട എന്നായിരുന്നു പൊട്ടിത്തെറിച്ച് കൊണ്ട് കഴക്ടറുടെ മറുപടി. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയോട് അപമര്യാദയായി പെരുമാറിയ കളക്ടര്‍ക്കെതിരെ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. ജനത്തിന്റെ നികുതിപ്പണത്തിൽ നിന്ന് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ ധാര്‍ഷ്ട്യം വെടിയണമെന്നും ഇത്തരക്കാരെ നിലയ്ക്കുനിര്‍ത്താൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും ആവശ്യം ഉയരുന്നുണ്ട്.