പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി കേന്ദ്ര സർക്കാർ

news image
Dec 31, 2022, 12:54 pm GMT+0000 payyolionline.in

ദില്ലി: ആദായനികുതി ആനുകൂല്യങ്ങൾ ഇല്ലാത്ത മിക്ക പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടേയും പലിശ നിരക്ക് ഉയർത്തി കേന്ദ്ര സർക്കാർ. പുതുക്കിയ നിരക്കുകൾ ജനുവരി 1 മുതല്‍ നിലവിൽ വരും. ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് 1.1 ശതമാനം വരെ വര്‍ധിപ്പിച്ചതായി ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

ജനപ്രിയ നിക്ഷേപമായി പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ചൈൽഡ് സേവിംഗ്സ് സ്കീമായ സുകന്യ സമൃദ്ധി എന്നിവയുടെ പലിശ നിരക്ക് ഉയർത്തിയിട്ടില്ല. മുതിർന്ന പൗരന്മാരുടെ സമ്പാദ്യ പദ്ധതി, കിസാൻ വികാസ് പത്ര ( കെവിപി) എന്നിവയുടെ പലിശ നിരക്ക് 1.1 ശതമാനം പോയിന്റ് വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിൽ അറിയിക്കും.

പരിഷ്കരണത്തോടെ, പോസ്റ്റ് ഓഫീസുകളിൽ ഒരു വർഷത്തെ ടേം ഡെപ്പോസിറ്റിന് 6.6 ശതമാനം പലിശയും രണ്ട് വർഷത്തെ നിക്ഷേപത്തിന് 6.8 ശതമാനം പലിശയും മൂന്ന് വർഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം പലിശയും അഞ്ച് വർഷത്തെ നിക്ഷേപത്തിന് 7 ശതമാനം പലിശയും ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ജനുവരി-മാർച്ച് കാലയളവിൽ 40 ബേസിസ് പോയിന്റുകൾ ഉയർന്ന് 8 ശതമാനമാകും

കിസാന്‍ വികാസ് പത്രയുടെ പലിശ നിരക്ക് 7.2 ശതമാനമായി ഉയർത്തി. നിലവിൽ 7 ശതമാനമാണ് പലിശ നിരക്ക്. പ്രതിമാസ വരുമാന സ്കീമിന് 40 ബേസിസ് പോയിന്റ് കൂടി 7.1 ശതമാനം പലിശ ലഭിക്കും. അതേസമയം നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി) 20 ബേസിസ് പോയിന്റ് 7 ശതമാനമാക്കി ഉയർത്തി. പെൺകുട്ടികളുടെ സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 7.6 ശതമാനമായി നിലനിർത്തി, പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) പലിശ 7.1 ശതമാനമായി നിലനിർത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe