പ്രതിഷേധങ്ങൾക്കിടെ മുക്താർ അൻസാരിയുടെ സംസ്കാരം ഇന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

news image
Mar 30, 2024, 5:34 am GMT+0000 payyolionline.in

ദില്ലി: ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച മുക്താർ അൻസാരിയുടെ സംസ്കാരം ഇന്ന് നടക്കും. അൻസാരിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സ്വദേശമായ ഗാസിപൂരിലെത്തിച്ചു. ജയിലിൽ നിന്ന് 400 കിലോമീറ്റർ സഞ്ചരിച്ചാണ് അൻസാരിയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചത്. വലിയ സുരക്ഷയാണ് യുപി സർക്കാർ‍ ഒരുക്കിയിട്ടുള്ളത്. ​ഗാസിപൂരിലെ മുഹമ്മദാബാദ് കാളിബാ​ഗ് ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുകയെന്നാണ് ഔദ്യോ​ഗികമായി അറിയിച്ചിട്ടുള്ളത്. അൻസാരിയുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ ദൂരമുള്ള ശ്മശാനത്തിൽ മതാചാര പ്രകാരമായിരിക്കും ചടങ്ങുകൾ നടക്കുക.

അൻസാരിയുടെ മൃതദേഹം വഹിച്ചുള്ള ആംബുലൻസിനൊപ്പം 24 പൊലീസ് വാഹനങ്ങൾ ഉൾപ്പെടെ 26 വാഹനങ്ങളുടെ ഒരു സംഘമാണ് സുരക്ഷയ്ക്കായി നിയോ​ഗിച്ചിട്ടുള്ളത്. പ്രയാഗ്‌രാജ്, ഭദോഹി, കൗശാമ്പി, വാരണാസി തുടങ്ങിയ ജില്ലകളിലൂടെ സഞ്ചരിച്ചാാണ് ​ഗാസിപൂരിലെത്തിയത്. യാത്രയിൽ അൻസാരിയുടെ മക്കളായ ഉമർ അൻസാരിയും അബ്ബാസ് അൻസാരിയും ഭാര്യയും രണ്ട് ബന്ധുക്കളും അനു​ഗമിച്ചു. നൂറ് കണക്കിനാളുകളാണ് അൻസാരിയെ കാണാൻ സ്ഥലത്തെത്തിയത്. മുദ്രാവാക്യം വിളികളുമായി എത്തിയ അനുയായികളെ പൊലീസും കേന്ദ്ര സേനയും തടഞ്ഞു. ഇവരെ സ്ഥലത്ത് നിന്ന് നീക്കി. അതേസമയം, മുക്താർ അൻസാരിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്തുവന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ടിലുള്ളത്. വിശദമായ റിപ്പോർട്ട് വൈകുന്നേരത്തോടെ മാത്രമേ ലഭ്യമാവൂ.

 

മുക്താർ അൻസാരിയുടെ മരണത്തിൽ  യുപി സർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അൻസാരിയുടെ മരണം 3 അംഗ സംഘം അന്വേഷിക്കും. അതേസമയം, മുക്താർ അൻസാരിയുടെ മരണം സർക്കാർ സ്പോൺസേർഡ് കൊലപാതകമെന്ന ആരോപണവുമായി പ്രതിപക്ഷം രം​ഗത്തെത്തി. മരണത്തെ തുടർന്ന് യുപിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുക്താർ അൻസാരിയുടെ മരണത്തിൽ യുപി സർക്കാറിനെതിരെ കടുത്ത വിമർശവുമായി അഖിലേഷ് യാദവ് രം​ഗത്തെത്തിയിരുന്നു. സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഏത് സാഹചര്യത്തിലും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയാണ് സർക്കാറിന്റെ ഉത്തരവാദിത്വം. ഇതിന് കഴിയാത്ത സർക്കാറിന് അധികാരത്തിൽ തുടരാൻ അവകാശമില്ല. സർക്കാർ സ്വന്തം രീതിയിൽ കോടതി നടപടികൾ മറികടക്കുന്നത് നിയമവിരുദ്ധമാണ്. ഉത്തർപ്രദേശ് കടന്നുപോകുന്നത് ഏറ്റവും മോശം അവസ്ഥയിലൂടെയാണെന്നും നിയമപാലനത്തിന് യുപിയിൽ സീറോ അവറെന്നും അഖിലേഷ് യാദവ് വിമർശിച്ചു.

 

അതിനിടെ, മുക്താർ അൻസാരിയുടെ കുടുംബത്തിന്റെ ആരോപണം ​ഗൗരവമുള്ളതെന്നാണെന്ന് ബിഎസ്പി നേതാവ് മായാവതി പ്രതികരിച്ചു.  ഉന്നതതല അന്വേഷണത്തിലൂടെ സത്യം പുറത്ത് വരട്ടെയെന്നും മായാവതി പറഞ്ഞു. പിതാവ് മുക്താർ അൻസാരിക്ക് ജയിലിൽ വിഷം നൽകിയെന്ന് ഉമർ അൻസാരി പറഞ്ഞിരുന്നു. ജയിലിൽ വെച്ച് ഭക്ഷണത്തിൽ വിഷം കലർത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്നും കോടതിയെ സമീപിക്കുമെന്നും കുടുംബം അറിയിച്ചു. ജയിലിൽ വെച്ച് അബോധാവസ്ഥയിൽ കാണപ്പെട്ട മുക്താർ അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു.

അധികൃതരുടെ ഭാഗത്ത് നിന്ന് എന്നോട് ഒന്നും പറഞ്ഞിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഞാൻ ഇക്കാര്യം അറിഞ്ഞത്. എന്നാൽ ഇപ്പോൾ, രാജ്യം മുഴുവൻ എല്ലാം അറിയുന്നു. രണ്ട് ദിവസം മുമ്പ് ഞാൻ അദ്ദേഹത്തെ കാണാൻ വന്നിരുന്നു. പക്ഷേ എന്നെ അനുവദിച്ചില്ല. മാർച്ച് 19 ന് രാത്രി ഭക്ഷണത്തിൽ വിഷം നൽകിയിട്ടുണ്ട്. ഇക്കാര്യം ഞങ്ങൾ ഉറപ്പിച് പറയുകയാണ. പിതാവിന്റെ മരണത്തിൽ സത്യം എന്താണെന്ന് അറിയണം. അതിന് ഞങ്ങൾ നിയമപരമായി  നീങ്ങും, ഞങ്ങൾക്ക് അതിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും മകൻ പറഞ്ഞു.

 

സമാജ് വാദി പാർട്ടി മുൻ എംഎൽഎയായിരുന്നു മുക്താർ‍ അൻസാരി. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ് അൻസാരി. വ്യാജ തോക്ക് ലൈസൻസ് കേസിൽ ജീവപര്യന്തം തടവിൽ കഴിയവേയാണ് അന്ത്യം. ഈ മാസമാണ് കേസിൽ മുക്താർ അൻസാരിയെ വാരാണസി കോടതി ശിക്ഷിച്ചത്. മുക്താർ അൻസാരിയുടെ മരണത്തിന് പിന്നാലെ ഗാസിപ്പുരിലും, ബന്ദയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe