ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചുള്ള പരാമർശത്തിൽ ക്രിമിനൽ മാനഷ്ടക്കേസ് ഫയൽ ചെയ്ത നടപടിക്കെതിരെ എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. പ്രധാനമന്ത്രിയുടെ അക്കാദമിക് യോഗ്യതയുടെ സാധുത ചോദ്യം ചെയ്ത പൊതുവേദികളും വാർത്ത സമ്മേളനങ്ങളിലും കെജ്രിവാൾ നടത്തിയ പരാമർശങ്ങളിൽ ഗുജറാത്ത് യൂനിവേഴ്സിറ്റി ആണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
കെജ്രിവാളിന്റെ പരാമർശങ്ങൾ തങ്ങൾക്ക് അപകീർത്തികരമാണെന്നും പ്രശസ്തിക്ക് കോട്ടം വരുത്തുന്നതുമാണെന്നും സർവകലാശാല ഹരജിയിൽ ചൂണ്ടിക്കാട്ടി. കെജ്രിവാളിനും എ.എ.പി നേതാവായ സഞ്ജയ് സിങ്ങിനുമെതിരെ സർവകലാശാല രജിസ്ട്രാർ പീയുഷ് പട്ടേൽ ആണ് ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
2016ൽ പ്രധാനമന്ത്രിയുടെ ബിരുദത്തെ കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ കേന്ദ്ര മനുഷ്യാവകാശ കമീഷന് കത്തയച്ചു. അതനുസരിച്ച് കേന്ദ്രമനുഷ്യാവകാശ കമീഷൻ ഡൽഹി, ഗുജറാത്ത് സർവകലാശാലകളോട് നിർദേശിച്ചിരുന്നു. എന്നാൽ വിവരങ്ങൾ പുറത്തുവിടുന്നത് തടഞ്ഞുകൊണ്ട് 2016 ജൂലൈയിൽ കേന്ദ്രമനുഷ്യാവകാശ കമീഷൻ പുറപ്പെടുവിച്ച ഉത്തരവ് ഗുജറാത്ത് ഹൈകോടതി ശരിവെച്ചു. ഫെബ്രുവരിയിൽ ഗുജറാത്ത് ഹൈക്കോടതി മുൻകൂർ ഹർജി തള്ളിയതിന് പിന്നാലെയാണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്.
ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി.എയും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാന്തര ബിരുദവും പാസായതായിട്ടാണ് മോദി 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍വകലാശാലയിലും പ്രധാനമന്ത്രിയുടെ ഓഫിസിലും വിവരാവകാശ അപേക്ഷ നല്‍കിയെങ്കിലും വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. അതോടെയാണ് കെജ്‍രിവാള്‍ മോദിക്കെതിരെ രംഗത്തെത്തിയത്.