ചേമഞ്ചേരി: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ജനതാദൾ മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന കെ. ശങ്കരൻ മാസ്റ്റർ (74) അന്തരിച്ചു. സ്വാതന്ത്ര്യസമര ചരിത്ര ഗവേഷകൻ, അധ്യാപകൻ, മികച്ച സഹകാരി എന്നീ നിലകളിൽ മലബാറിലെ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. പ്രമുഖ സ്വാതന്ത്ര്യസമര സേനാനി കെ.വി. മാധവൻ കിടാവിന്റെയും മാധവിക്കുട്ടിയമ്മയുടെയും മകനാണ്.
മലബാറിലെ ക്വിറ്റ് ഇന്ത്യ സമര പോരാട്ടങ്ങളെ ആസ്പദമാക്കി അദ്ദേഹം രചിച്ച “ചേമഞ്ചേരി ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമിർത്ത ഗ്രാമം” എന്ന ചരിത്രഗ്രന്ഥം ഏറെ ശ്രദ്ധേയമാണ്. ചേമഞ്ചേരി ക്വിറ്റ് ഇന്ത്യ സമരസ്മാരക പുനഃസ്ഥാപന കൂട്ടായ്മ, ചരിത്ര സ്മാരകമായ ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ സംരക്ഷണ സമിതി എന്നിവയുടെ നേതൃനിരയിൽ സജീവമായി പ്രവർത്തിച്ചുവരവെയാണ് ആകസ്മിക നിര്യാണം.
അടിയന്തിരാവസ്ഥക്കാലത്ത് പോലീസിന്റെ ക്രൂരമായ ഭീകര മർദ്ദനങ്ങൾക്ക് ഇരയായിട്ടുള്ള ശങ്കരൻ മാസ്റ്റർ, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുൻനിര പോരാളിയായിരുന്നു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, രണ്ടുതവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ ജനപ്രതിനിധിയായി മികച്ച പ്രവർത്തനം കാഴ്ചവെച്ചു. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, തൃക്കോട്ടൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡന്റ്, കെ.എസ്.എഫ്.ഇ (KSFE) ഡയറക്ടർ ബോർഡ് മെമ്പർ, തിക്കോടി എച്ച്.എം.എസ് (HMS) ചുമട്ട്-കൈവണ്ടി തൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം മുദ്രപതിപ്പിച്ചു.
ചേമഞ്ചേരി യു.പി സ്കൂൾ അധ്യാപകനായിരുന്ന അദ്ദേഹം, നാട്ടിലെ സാംസ്കാരിക മുന്നേറ്റത്തിന് അടിത്തറയിട്ട ചേമഞ്ചേരി ദേശസേവാ സംഘം ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡന്റ് കൂടിയാണ്. ഭാര്യ: സൗമിനി. മക്കൾ: ശ്യാമ (കോഴിക്കോട് യൂണിവേഴ്സിറ്റി), സൗമ്യ (ബംഗളൂരു), സൂര്യ. മരുമക്കൾ: നവനീത് (അധ്യാപകൻ, ഗവ. ഹയർസെക്കൻഡറി സ്കൂൾ കൊയിലാണ്ടി), മായങ്ക് (ബംഗളൂരു). സഹോദരങ്ങൾ: വാസു നായർ കെ., പരേതരായ ഭാസ്കരൻ നായർ കെ., ശ്രീധരൻ കെ.
