ഫറോക്ക് : ചരിത്രപ്രസിദ്ധമായ ടിപ്പു കോട്ടയിലെ ഉത്ഖനന പ്രവൃത്തികൾ അനിശ്ചിതമായി നിലച്ച പശ്ചാത്തലത്തിൽ, പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ വലിയ പ്രതീക്ഷയിലാണ് ഫറോക്ക് മോണുമെന്റ് ഡിവലപ്മെന്റ് കൗൺസിൽ. തടസ്സപ്പെട്ടു കിടക്കുന്ന പുരാവസ്തു ഗവേഷണ പ്രവൃത്തികൾ പുനരാരംഭിക്കാൻ പുതിയ ഭരണകൂടം മുൻകൈയെടുക്കുമെന്ന പ്രതീക്ഷയാണ് സമിതി പങ്കുവെക്കുന്നത്. സംസ്ഥാന സർക്കാർ ഈ കോട്ടയെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ട് 30 വർഷം കഴിഞ്ഞിട്ടും ഇതിനെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ യാതൊരുവിധ ഉത്ഖനനവും നടന്നിട്ടില്ല. തുടർന്ന് കാടുപിടിച്ചു കിടന്ന കോട്ട അധികൃതർ തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് നഗരസഭയുടെ തൊഴിലുറപ്പ് തൊഴിലാളികൾ ഇടപെട്ട് വെട്ടിത്തെളിച്ചത്.
1991 നവംബറിലാണ് ടിപ്പു കോട്ടയെ സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്നത്. എന്നാൽ തുടർനടപടികൾ വൈകിയതോടെ 2010-ൽ ഫറോക്ക് കൾച്ചറൽ കോഡിനേഷൻ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചു. നീണ്ട പത്തു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ, ചരിത്രസ്മാരകം കേടുപാടുകൾ കൂടാതെ സംരക്ഷിക്കാനും ഉത്ഖനന സാധ്യതകൾ പരിശോധിച്ച് ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും 2020 മേയ് 19-ന് ഹൈക്കോടതി പുരാവസ്തു വകുപ്പിന് ഉത്തരവ് നൽകി. ഇതേത്തുടർന്നാണ് കോട്ടയിൽ ആദ്യമായി ശാസ്ത്രീയമായ പര്യവേക്ഷണങ്ങൾക്ക് വഴിതുറന്നത്.
2020 ഒക്ടോബർ ഒൻപതിന് കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഉദ്യോഗസ്ഥനും പുരാവസ്തുവകുപ്പ് മലബാർ ഫീൽഡ് സർവേ അസിസ്റ്റന്റുമായ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിൽ ഒന്നാംഘട്ട ഉത്ഖനനം ആരംഭിച്ചു. കോട്ടയ്ക്കകത്തെ അറയിൽ നിന്ന് ബ്രിട്ടീഷ് നിർമ്മിത നാണയങ്ങളും അവ നിർമ്മിക്കാൻ ഉപയോഗിച്ച അച്ചുകളും (മോൾഡ്) കണ്ടെത്തി. തുടർന്നുള്ള രണ്ടാം ഘട്ടത്തിൽ പടിഞ്ഞാറു ഭാഗത്തുനിന്ന് ആയുധപ്പുരയുടെ അവശിഷ്ടങ്ങളും വെടിയുണ്ടകളും, മൂന്നാം ഘട്ടത്തിൽ കോട്ടമതിലിന്റെ അവശിഷ്ടങ്ങളും കിടങ്ങും കണ്ടെത്തുകയുണ്ടായി.
ഒന്നാം ഘട്ടത്തിൽ നടത്തിയ ജി.പി.ആർ.എസ്. സർവേയിൽ നൂറിലധികം പ്രദേശങ്ങളിൽ ചരിത്ര സൂചകങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവിടെയൊന്നും തുടർനടപടികൾ ഉണ്ടായിട്ടില്ല. മഹാശിലായുഗ കാലത്തെ ഗുഹ, ടിപ്പുവിന്റെ കാലത്തെ ഭൂഗർഭ അറ, ബ്രിട്ടീഷ് കാലത്തെ ബംഗ്ലാവ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളുടെ ചരിത്രാവശിഷ്ടങ്ങൾ ഈ മണ്ണിലുണ്ടെന്ന് പുരാവസ്തു വകുപ്പ് പഠനങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഏറെ നിർണ്ണായകമായേക്കാവുന്ന നാലാംഘട്ട ഉത്ഖനനം എപ്പോൾ തുടങ്ങാനാകുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
