ബത്തേരിയില്‍ ഫ്രൈഡ് റൈസ്, ബീഫ്, മയോണൈസ്; പ്രമുഖ ഹോട്ടലുകളിൽ നിന്നടക്കം പഴകിയഭക്ഷണം പിടിച്ചെടുത്തു, പിഴ ചുമത്തി

news image
Mar 14, 2024, 7:38 am GMT+0000 payyolionline.in

ബത്തേരി: ബത്തേരി ന​ഗരത്തിൽ ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും മെസ്സുകളിലുമായി നഗരസഭ ആരോഗ്യ വിഭാഗം  നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. ഏഴ് സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്. ഇവർക്കെതിരെ പിഴ ചുമത്തി. അതേസമയം, ഒരു സ്ഥാപനത്തിന്ന് ന്യൂനതകൾ പരിഹരിക്കാൻ നോട്ടീസും നൽകി.

ഇന്ന് രാവിലെയാണ് ബത്തേരി ടൗണിലും പരിസരങ്ങളിലുള്ള 15 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. ഇതിൽ ബീനാച്ചി ടൗണിൽ പ്രവർത്തിക്കുന്ന ഷാർജ ഹോട്ടൽ, ബത്തേരി അസംപ്ഷൻ ഡി അഡിക്ഷൻ സെൻ്റർ കാൻ്റീൻ, ഗ്രാൻ്റ് ഐറിസ് ദൊട്ടപ്പൻകുളം, ബത്തേരി ടൗണിലെ മലബാർ ഹോട്ടൽ, എംഇഎസ് കാൻ്റീൻ, കൊളഗപ്പാറ വയനാട് ഹിൽ സ്യൂട്ട്, കോട്ടക്കുന്ന് സൽക്കാരമെസ് എന്നിവിടങ്ങളിൽ നിന്നാണ്  പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്. പഴകിയ പൊറോട്ട, ചപ്പാത്തി, ഫ്രൈഡ് റൈസ്, ചിക്കൻ-ബീഫ് ഫ്രൈ, കറികൾ, മയോണൈസ് എന്നിവയാണ് പിടികൂടിയത്. കൂടാതെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനവും കണ്ടെത്തി. പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി.

 

അതേസമയം, പഴകിയ ഭക്ഷണം പിടികൂടിയ സംഭവത്തിൽ മുഖം നോക്കാതെ നടപടി എടുക്കുമെന്നും തുടർച്ചയായി വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടികളടക്കം സ്വീകരിക്കുമെന്നും നഗരസഭ ചെയർമാൻ ടികെ രമേശ് പറഞ്ഞു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജി സാബു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വികെ സജീവ്, സുനിൽകുമാർ, സജു പി അബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe