‘ബജറ്റ് സ്വകാര്യവത്കരണത്തിന്റെ ആമുഖ പ്രസംഗം; വിൽപ്പനയ്ക്കായി പല പേരുകളിൽ പദ്ധതി’

news image
Jun 20, 2026, 7:22 am GMT+0000 payyolionline.in

തിരുവനന്തപുരം: സ്വകാര്യവത്കരണത്തിന്റെ ആമുഖ പ്രസംഗമാണ് മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ധാതുസമ്പത്ത് കോർപ്പറേറ്റുകൾക്ക് കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിൽപ്പനയ്ക്കായി പല പേരുകളിലാണ് സർക്കാർ പദ്ധതി കൊണ്ടുവരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ധാരാളം പദ്ധതികൾ ഉണ്ട്. എന്നാൽ പണം എവിടെ എന്നതാണ് കാതലായ പ്രശ്‌നം. സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി പണം കണ്ടെത്തും എന്നാണ് ധനകാര്യ മന്ത്രിയായ മുഖ്യമന്ത്രി പറയുന്നത്. സ്വകാര്യവൽക്കരണം ഇല്ലാതെ എങ്ങനെയാണ് വളരുക എന്നാണ് അദ്ദേഹം ചോദിച്ചത്. അദാനിക്ക് വിൽക്കുന്നതിന് വേണ്ടിയാണ് ഈ ബജറ്റ് എന്ന് സൂക്ഷ്മാംശം പരിശോധിക്കുമ്പോൾ മനസ്സിലാവുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

കേരളത്തിന്റെ ആരോഗ്യമേഖല ഗുരുതര പ്രതിസന്ധിയിലാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പകർച്ചവ്യാധികളാൽ ജനം ഉത്കണ്ഠയിലാണ്. ഗുരുതരമായ ആരോഗ്യപ്രശ്‌നം കൈകാര്യം ചെയ്യാൻ ഗവൺമെന്റിന് ആകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയിൽ ആയിരം കോടിയുടെ കുറവാണ് ഈ ബജറ്റിലുള്ളത്. ആശ്വാസ പദ്ധതിക്ക് പണം വകയിരുത്തിയില്ല. ആരോഗ്യ രംഗം ഗുരുതരമാകുന്ന തരത്തിലാണ് ബജറ്റെന്നും അദ്ദേഹം ആരോപിച്ചു.

അധികാരത്തിലെത്തിയാൽ പിഎം ശ്രീ അറബിക്കടലിൽ എറിയും എന്ന് പറഞ്ഞവർ ഇന്നത് പ്രായോഗികമാക്കുകയാണ്. എല്ലാ കാര്യങ്ങളിലും ‘യൂ ടേൺ’ അടിക്കുകയാണ്. ജനക്ഷേമപരമായ പദ്ധതികൾ അട്ടിമറിച്ചുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe