ദില്ലി: ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. റെയിൽവെ സീനിയർ സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ മഹന്ത, സെക്ഷൻ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പുകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അപകടത്തിന് കാരണം സിഗ്നലിംഗ്, ഓപ്പറേഷൻസ് വിഭാഗങ്ങളുടെ വീഴ്ച്ചയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. റെയിൽവേ സുരക്ഷ കമ്മീഷണർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് അടക്കം സിബിഐ സംഘത്തിന്റെ അറസ്റ്റിലേക്ക് നയിച്ചു.
ബെഹനഗ സറ്റേഷനിലെ ജീവനക്കാർക്കെതിരെയാണ് റെയിൽവേ സുരക്ഷ കമ്മീഷണർ റിപ്പോർട്ട് നൽകിയത്. ട്രാക്കിന്റെ അറ്റകുറ്റപ്പണികൾ ഇവിടെ നടന്നിരുന്നു. എന്നാൽ ട്രെയിൻ കടത്തി വിടുന്നതിനു മുമ്പ് സിഗ്നലിങ് സംവിധാനം പരിശോധിക്കുന്നതിനുള്ള സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ചില്ല. കൊറോമണ്ഡൽ എക്സ്പ്രസ് നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ ഇടിച്ചാണ് ബാലസോറിൽ വൻ അപകടം നടന്നത്. ചരക്ക് ട്രെയിൻ കിടന്നിരുന്ന ട്രാക്കിലേക്ക് കൊറോമണ്ഡൽ എക്സ്പ്രസിന് പച്ച സിഗ്നൽ കിട്ടിയതാണ് അപകടത്തിന് കാരണം.
അപകടത്തിൽ ബാഹ്യ അട്ടിമറിയുണ്ടോയെന്നത് സിബിഐ അന്വേഷിക്കുന്നുണ്ട്. സേഫ്റ്റി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ സ്ഥാനത്തുനിന്ന് അർച്ചന ജോഷിയെ മാറ്റിയിരുന്നു. കർണാടക യെലഹങ്കയിലെ റയിൽ വീൽ ഫാക്ടറി ജനറൽ മാനേജരായാണ് അർച്ചന ജോഷിയെ നിയമിച്ചത്. സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ പുതിയ ജനറൽ മാനേജറായി അനിൽ കുമാർ മിശ്ര ചുമതലയേറ്റു. ദുരന്തത്തിൽ മരിച്ച 50 ഓളം പേരെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.